കാബൂൾ: ഇറാനും അഫ്‌ഗാനുമിടയിൽ അതിർത്തി പങ്കിടുന്ന നദിയിൽ ഇറാൻ സുരക്ഷ ജീവക്കാർ മുക്കിക്കൊന്നതായി ആരോപിക്കുന്ന 18 അഫ്‌ഗാൻ കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ഇത്തരത്തിൽ കൊല്ലപ്പെട്ട ആളുകളുടെ എണ്ണം 34 ആയി. ശനിയാഴ്ച 18 മൃതദേഹങ്ങൾ കണ്ടെത്തിയതായി ഹെറത്ത് പ്രവിശ്യയിലെ ഉദ്യോഗസ്ഥർ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. ഗുൽറാൻ ജില്ലയിൽ നടന്ന സംഭവത്തിൽ അഫ്‌ഗാൻ പ്രതിനിധി സംഘം അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥർ പറയുന്നു.
ഹെറാത്ത് പ്രവിശ്യയുടെ അതിർത്തിയിൽ നിന്ന് ഇറാനിലേക്ക് കടക്കാൻ ശ്രമിച്ച 70 അഫ്‌ഗാനികളെ മർദ്ദിച്ച് ഹരിറുഡ് നദിയിൽ തള്ളിയിട്ടതായാണ് പ്രാഥമിക നിഗമനമെന്ന് വിദേശകാര്യ മന്ത്രാലയം പറയുന്നു. കഴിഞ്ഞയാഴ്ച അഫ്‌ഗാൻ ഉദ്യോഗസ്ഥർ 16 പേരെ രക്ഷപ്പെടുത്തിയതായും 18 മുതൽ 20 പേരെ വരെ കാണാതായതായും റിപ്പോർട്ടുകൾ ഉണ്ട്. മെയ് ഏഴിന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സംഭവത്തിൽ സമ്പൂർണ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.
ചില ആളുകൾ ഗൂഢാലോചന നടത്തി കാബൂൾ-ടെഹ്‌റാൻ ബന്ധം തകർക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ് ഇറാനിയൻ വിദേശകാര്യ മന്ത്രാലയം പോംപിയോയുടെ പ്രസ്താവന നിരസിച്ചു. സംഭവത്തിൽ അതിർത്തി സുരക്ഷ ജീവക്കാരുടെ പങ്കാളിത്തവും ഇറാൻ സർക്കാർ നിരസിച്ചു.