കാബൂള്‍: അഫ്‌ഗാനിസ്ഥാനില്‍ പാക് വിസ ലഭിക്കാനായി കാത്തു നിന്നവര്‍ക്കിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ജലാലാബാദ് നഗരത്തിലെ പാകിസ്ഥാന്‍ കോണ്‍സുലേറ്റിന് സമീപത്തായാണ് അപകടമുണ്ടായത്. കോണ്‍സുലേറ്റിന് പുറത്ത് ആയിരക്കണക്കിന് പേരാണ് വിസയ്‌ക്കായി നിത്യേന തടിച്ച് കൂടിയിരുന്നത്. കോണ്‍സുലേറ്റില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ പരിധിയിലുള്ള ജലാലാബാദ് മൈതാനത്തിലുണ്ടായ അപകടത്തില്‍ അഫ്‌ഗാനിസ്ഥാനിലെ പാക് അംബാസിഡര്‍ മന്‍സൂര്‍ അഹമ്മദ് ഖാന്‍ ദുഖമറിയിച്ച് ട്വീറ്റ് ചെയ്‌തു. ഇരകളുടെ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്കു ചേരുന്നുവെന്ന് ട്വീറ്റില്‍ പറയുന്നു.
വിസാ അപേക്ഷകര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാന്‍ അഫ്‌ഗാന്‍ അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്ന് മന്‍സൂര്‍ അഹമ്മദ് ഖാന്‍ പറഞ്ഞു. പുതിയ വിസാ പോളിസി പ്രകാരം വിസ നല്‍കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്‌ടോബര്‍ 13ന് കാബൂളിലെ പാക് എംബസി അഫ്‌ഗാന്‍ പൗരന്മാര്‍ക്ക് വിസ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചതായി പ്രഖ്യാപിച്ചിരുന്നു. ജലാലാബാദ്, കാന്തഹാര്‍, ഹെരാത്, മസര്‍ ഇ ഷെരീഫ് കോണ്‍സുലേറ്റുകളും അനുബന്ധമായി വിസാ നടപടികള്‍ ആരംഭിച്ചിരുന്നു. പുതിയ വിസാ പോളിസി പ്രകാരം ചികില്‍സ, കുടുംബകാര്യം, ബിസിനസ്, വിദ്യാഭ്യാസം എന്നിവയ്‌ക്കാണ് അഫ്‌ഗാന്‍ പൗരന്മാര്‍ക്ക് പ്രധാനമായും വിസ അനുവദിക്കുന്നത്.