സിയോള്‍: ദക്ഷിണ കൊറിയയില്‍ അപ്പാര്‍ട്ട്‌മെന്‍റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. വടക്കു കിഴക്കന്‍ നഗരമായ ഭൂസനിലാണ് അപകടം നടന്നത്. 24 നിലകളുള്ള കെട്ടിടത്തിന്‍റെ 12ാം നിലയിലാണ് രാവിലെ 6.50 ഓടെ തീപിടിത്തമുണ്ടായത്.
12ാം നിലയിലെ കിടപ്പുമുറിയില്‍ നാല്‍പതുകാരനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പുക ശ്വസിച്ച ഇയാളുടെ മകനടക്കം 23 പേരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടസമയത്ത് കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്നു അച്ഛനും മകനും. പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ഉറക്കമുണര്‍ന്ന മകന്‍ മുറിയുടെ വാതില്‍ തുറന്നെങ്കിലും തീ ആളിപ്പടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
താഴത്തെ നിലയില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട 13ാം നിലയിലെ താമസക്കാരനാണ് വിവരം പുറത്തറിയിച്ചത്. അഗ്‌നിശമന സേന സ്ഥലത്തെത്തി കെട്ടിടത്തിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു. മറ്റ് മുറികളിലേക്ക് തീ പടര്‍ന്നില്ലെന്നും നാല്‍പത് മിനിറ്റിനുള്ളില്‍ തീയണച്ചെന്നും അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 1995ല്‍ നിര്‍മിച്ച കെട്ടിടത്തില്‍ സ്‌പ്രിംഗ്‌ളര്‍ സ്ഥാപിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.