വാഷിങ്‌ടൺ: സപറോഷ്യ ആണവ നിലയത്തിന് തീപിടിത്തമുണ്ടായ പശ്ചാത്തലത്തിൽ യുക്രൈനിലെ സ്ഥിതി വിലയിരുത്താൻ യുക്രൈൻ പ്രസിഡന്‍റ് സെലെൻസ്‌കിയെ ഫോണിൽ വിളിച്ച് അമേരിക്കൻ പ്രസിഡന്‍റ് ബൈഡൻ. ആണവ നിലയത്തിന് ചുറ്റുമുള്ള പ്രദേശത്തെ സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനും അഗ്നിശമന സേനാംഗങ്ങൾക്കും അടിയന്തര പ്രതികരണ സംഘങ്ങൾക്കും ആണവ നിലയത്തിലേക്കുള്ള പ്രവേശനം അനുവദിക്കാനും ബൈഡൻ റഷ്യയോട് ആവശ്യപ്പെട്ടു.
വ്യാഴാഴ്‌ച സപറോഷ്യ ആണവ നിലയം നിൽക്കുന്ന നഗരത്തിൽ ആക്രമണം ശക്തമാക്കിയിരുന്നു. ആണവ നിലയത്തിനു നേരെ റഷ്യ ഷെല്ലാക്രമണം നടത്തിയതാണ് തീ പിടിത്തത്തിന് കാരണമായതെന്ന് യുക്രൈൻ ആരോപിക്കുന്നു. ആണവ നിലയത്തിൽ നിന്നും റേഡിയേഷൻ ഉണ്ടായേക്കാമെന്ന ഭീതിയിലാണ് അധികൃതർ. ആണവ നിലയത്തിലെ സ്ഥിതിഗതികളെക്കുറിച്ചറിയാൻ യുഎസ് ഊർജ വകുപ്പിന്‍റെ ആണവ സുരക്ഷ അണ്ടർ സെക്രട്ടറിയുമായും നാഷണൽ ന്യൂക്ലിയർ സെക്യൂരിറ്റി അഡ്‌മിനിസ്ട്രേറ്ററുമായും(എൻഎൻഎസ്‌എ) ബൈഡൻ സംസാരിച്ചു.
സ്ഥിതിഗതികൾ ബൈഡൻ നിരന്തരം വിലയിരുത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സപറോഷ്യ മേഖലയിൽ സ്ഥിതി ചെയ്യുന്ന ആണവ നിലയം യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമാണ്. സപറോഷ്യ ആണവ നിലയത്തിന് നേരെ റഷ്യൻ സൈന്യം എല്ലാ ഭാഗത്തു നിന്നും വെടിയുതിർക്കുകയാണെന്നും പൊട്ടിത്തെറിച്ചാൽ അതിന്‍റെ അപകടം ചെർണോബിലിനേക്കാൾ 10 മടങ്ങ് വലുതായിരിക്കുമെന്നും യുക്രൈൻ വിദേശകാര്യ മന്ത്രി ദ്വിമിത്രി കുലേബ പറഞ്ഞു.
1986 ഏപ്രിലിൽ സോവിയറ്റ് യൂണിയനിലെ യുക്രൈനിയൻ എസ്എസ്ആറിന് വടക്കുള്ള പ്രിപ്യാറ്റ് നഗരത്തിനടുത്തുള്ള ചെർണോബിൽ ആണവ നിലയത്തിലുണ്ടായ ആണവ ദുരന്തമാണ് ചെർണോബിൽ ദുരന്തം. ചരിത്രത്തിലെ ഏറ്റവും മോശമായ ആണവ ദുരന്തമായാണ് ചെർണോബിൽ ആണവ ദുരന്തം കണക്കാക്കപ്പെടുന്നു.
Also Read: യുക്രൈൻ ജനതക്ക് 18 മാസം വരെ യുഎസിൽ തുടരാം; സഹായവുമായി ബൈഡൻ ഭരണകൂടം