വാഷിങ്‌ടൺ: ലോകാരോഗ്യ സംഘടനയുമായി (ഡബ്ല്യുഎച്ച്ഒ) ബന്ധപ്പെട്ട കാര്യത്തില്‍ വൈറ്റ് ഹൗസ് അടുത്തയാഴ്‌ച പ്രഖ്യാപനം നടത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ആരോഗ്യ സംഘടന അതിവേഗം പ്രവര്‍ത്തിക്കുന്നില്ലെന്ന ആരോപണത്തിന്‍റെ പിന്നാലെയാണ് ട്രംപിന്‍റെ പ്രഖ്യാപനം. "ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട് ചില തീരുമാനങ്ങള്‍ ഉടന്‍ അറിയിക്കും. മിക്കവാറും അടുത്താഴ്‌ച തന്നെ" ട്രംപ് പറഞ്ഞു.
ഏപ്രിലില്‍ ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം അമേരിക്ക നിർത്തിവച്ചിരുന്നു. രോഗബാധ ഉണ്ടായപ്പോൾ ഐക്യരാഷ്ട്ര സംഘടന വിവരങ്ങൾ മറച്ചുവച്ചെന്ന് ആരോപിച്ചാണ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം നിർത്തുന്നതായി പ്രഖ്യാപിച്ചത്. കൊവിഡിനിടെ ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസിനെതിരെയും നിരവധി ആരോപണങ്ങളുമായി ട്രംപ് രംഗത്തെത്തിയിരുന്നു.
അതേസമയം ആഗോള തലത്തില്‍ കൊവിഡ് മരണസംഖ്യ 3,00,000 ആയി. 4.42 ദശലക്ഷത്തിലധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചതായി ജോൺസ് ഹോപ്‌കിൻസ് സർവകലാശാല റിപ്പോർട്ട് ചെയ്യുന്നു. 1.58 ദശലക്ഷം ആളുകൾക്ക് രോഗം ഭേദമായി. വെള്ളിയാഴ്‌ച പുലർച്ചെ നാല് മണി വരെയുള്ള കണക്കുകൾ പ്രകാരം ലോകത്ത് 44,26,937 കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തു. കുറഞ്ഞത് 3,01,370 മരണവും സംഭവിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ കേസുകൾ റിപ്പോര്‍ട്ട് ചെയ്‌ത അമേരിക്കയില്‍ 14,13,012 രോഗബാധിതരാണുള്ളത്. 85,581 മരണവും ഇതിനോടകം സംഭവിച്ചു.