വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ സ്വകാര്യ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്തി വൈറ്റ് ഹൗസ് വക്താവ് കെയ്‌ലി മക്ഇനാനി. ആരോഗ്യ-മനുഷ്യ സേവന വകുപ്പിന് (എച്ച്എച്ച്എസ്) നൽകിയ ധനസഹായത്തിന്‍റെ ചെക്കും മക്ഇനാനി യാദൃശ്ചികമായി പങ്കുവെച്ച അക്കൗണ്ട് വിവരങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൊവിഡിനെ നേരിടാനും അതിന്‍റെ വ്യാപനം തടയാനുമുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണയായി പ്രസിഡന്‍റ് 2020ലെ തന്‍റെ വരുമാനത്തിൽ നിന്നും ഒരു ലക്ഷം യുഎസ് ഡോളർ എച്ച്എച്ച്എസിന് സംഭാവന ചെയ്യാൻ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം മക്ഇനാനി വിശദമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മക്ഇനാനി ട്രംപിന്‍റെ സ്വകാര്യ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പുറത്തുവിട്ടിരിക്കുന്നത്. ഈ ചെക്കുകളൊന്നും വ്യാജമല്ലെന്നും അവയൊക്കെ നിയമപരമായി മൂല്യമുള്ളതാണെന്നും അധികൃതരും വ്യക്തമാക്കി. കൊവിഡിൽ പുതിയ ചികിത്സാരീതികൾ നടപ്പാക്കാനായി അദ്ദേഹത്തിന്‍റെ സഹായം വലിയ മുതൽക്കൂട്ടായെന്നും അതേസമയം, മാധ്യമങ്ങൾ ശരിയായ വാർത്തകൾ നൽകുന്നതിനു പകരം ഇതിനെ പരിഹസിക്കാനാണ് ശ്രമിക്കുന്നതെന്നും വൈറ്റ് ഹൗസ് വക്താവ് ജഡ് ഡിയര്‍ പറഞ്ഞു.
കെയ്‌ലി മക്ഇനാനിയും ജഡ് ഡിയറും അമേരിക്കൻ പ്രസിഡന്‍റിനെ പ്രശംസിച്ച് രംഗത്തെത്തിയെങ്കിലും സാമൂഹ്യമാധ്യമങ്ങൾ ട്രംപ് ധനസംഭാവന ചെയ്‌ത വാർത്തകളെ പരിഹസിക്കുന്നത് തുടരുകയാണ്. ഡൊണാള്‍ഡ് ട്രംപ് അത്രക്ക് സമ്പന്നനല്ലെന്ന് അവകാശപ്പെടാനായി ഈ അവസരം പ്രയോജനപ്പെടുത്തുകയാണെന്ന് ഒരു കൂട്ടർ സമൂഹമാധ്യമങ്ങളിലൂടെ പരിഹസിച്ചു. അതേസമയം, മറ്റൊരാൾ ചോദിച്ചത് മക്ഇനാനി എങ്ങനെയാണ് ഹാർവാർഡ് സർവകലാശാലയിൽ നിന്നും വിദ്യാഭ്യാസം നേടിയതെന്നാണ്.
യുഎസ് പ്രസിഡന്‍റിന്‍റെ വരുമാനത്തിനെയും ആസ്‌തിയെയും കുറിച്ച് വ്യക്തമായ കണക്കുകൾ ഇതുവരെ അറിയില്ലെങ്കിലും 2015ൽ ട്രംപിന് 3.1 ബില്യൺ യുഎസ് ഡോളർ വരുമാനമുണ്ടായിരുന്നതായി ഫോർബ്‌സ് റിപ്പോർട്ട് ചെയ്‌തിരുന്നു. കൂടാതെ, ട്രംപിന്‍റെ പദവി കാരണം അധിക സുരക്ഷാ നടപടികളുള്ളതായികാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഡന്‍റിറ്റി തെഫ്റ്റ് റിസോഴ്‌സ് സെന്‍ററിന്‍റെ പ്രസിഡന്‍റും ചീഫ് എക്സിക്യൂട്ടീവും ആയ ഇവാ വെലാസ്‌ക്വസ് പറഞ്ഞിരുന്നു.
കൊവിഡ് പ്രവർത്തനങ്ങളിൽ ട്രംപ് ഗവൺമെന്‍റ് വലിയ വീഴ്ച വരുത്തിയതായി മുൻ അമേരിക്കൻ പ്രസിഡന്‍റ് ബരാക് ഒബാമ വിമർശിച്ചിരുന്നു. എന്നാൽ, ഡൊണാൾഡ് ട്രംപിനെ പിന്തുണച്ചാണ് വൈറ്റ് ഹൗസ് വക്താവ് കെയ്‌ലി മക്ഇനാനി തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്. മുൻ പ്രസിഡന്‍റിന്‍റെ ഭരണത്തെ വച്ച് താരതമ്യം ചെയ്യുകയാണെങ്കിൽ ട്രംപ് മികച്ച പ്രവർത്തനങ്ങൾ ചെയ്യുന്നുവെന്നും അവർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.