വാഷിങ്ടണ്‍: അമേരിക്കയിലുള്ള 40,000 ഇന്ത്യൻ പൗരന്മാർ വന്ദേഭാരത് മിഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് യുഎസിലെ ഇന്ത്യൻ അംബാസഡർ തരഞ്ചിത് സിങ് സന്ധു. വന്ദേ ഭാരത് മിഷൻ മെയ് ഏഴിനാണ് യുഎസിൽ ആരംഭിച്ചത്. 16ഓളം ഫ്ലൈറ്റുകളാണ് വന്ദേഭാരത് മിഷനായി സജ്ജമാക്കിയിരിക്കുന്നത്. വന്ദേ ഭാരത്' മിഷന്‍റെ മൂന്നാം ഘട്ട ദൗത്യം ജൂൺ 11 മുതൽ ആരംഭിക്കുമെന്ന് അംബാസഡർ അറിയിച്ചു. ഈ ഘട്ടത്തിൽ എംബസി വെബ്‌സൈറ്റിൽ രജിസ്ട്രര്‍ ചെയ്ത ആളുകൾക്കായി എയർ ഇന്ത്യ നേരിട്ട് ബുക്കിങ് നടത്തുമെന്നും അംബാസഡർ അറിയിച്ചു. രജിസ്ട്രേഷന്‍ തുടരുകയാണെന്നും അറിയിപ്പുണ്ട്.
വാണിജ്യ വിമാന സർവീസുകളെക്കുറിച്ച് ഇന്ത്യയിലെ സിവിൽ ഏവിയേഷൻ മന്ത്രിയുമായി ചർച്ച തുടരുകയാണ്. ഇത് പരിഗണനയിലാണെന്നും വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത നിയമങ്ങളുള്ളതിനാൽ അന്തർദേശീയ യാത്രക്കാരെ അനുവദിക്കുന്നതിന് കൂടുതൽ നിയമനടപടികളുണ്ടെന്നും അദ്ദേഹം അറിയിച്ചു.