വാഷിങ്ടൺ: പലസ്‌തീന്‍ ജനതയ്ക്ക് 360 മില്യൺ ഡോളറിലധികം ധനസഹായം നൽകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ. ഇതിൽ 38 മില്യൺ വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും അഭയാർത്ഥികൾക്കുള്ളതാണ്. കൂടാതെ അടുത്ത വർഷം കോൺഗ്രസും യുഎസ്‌എഐഡിയും സംയുക്തമായി 75 മില്യൺ ഡോളർ സാമ്പത്തിക സഹായവും നൽകാൻ ഉദ്ദേശിക്കുന്നുണ്ടെന്നും ബ്ലിങ്കൻ പറഞ്ഞു. ഈ ധനസഹായം സ്വകാര്യമേഖലയുടെ വളർച്ചയ്ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനും സഹായകമാകും.
കൂടുതൽ വായിക്കാന്‍: കലാപം, യുദ്ധം: വിലാപ ഭൂമിയായി ഇസ്രയേല്‍-പലസ്തീന്‍ പ്രദേശങ്ങള്‍
കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പലസ്തീന്‍ ജനതയ്ക്ക് യുഎസ് 250 മില്യൺ ഡോളറിലധികം ധനസഹായമാണ് നൽകിയത്. ഈ ഫണ്ടുകളെല്ലാം പലസ്‌തീന്‍ ജനതയ്ക്ക് പ്രയോജനപ്പെടുന്ന തരത്തിൽ നടപ്പാക്കുമെന്നും ടെയ്‌ലർ ഫോഴ്‌സ് ആക്റ്റ് നിയമപ്രകാരം യുഎസിന്‍റെ സഹായം തുടരുമെന്നും ബ്ലിങ്കൻ കൂട്ടിച്ചേർത്തു.
പലസ്‌തീന്‍ ജനതയ്ക്കായുള്ള സഹായം യുഎസിന്‍റെ പ്രധാന അജണ്ടകളിലൊന്നാണെന്നത് വളരെ ശ്രദ്ധേയമാണ്. ഇത് സാമ്പത്തിക വികസനം, ഇസ്രയേൽ-പലസ്‌തീന്‍ ധാരണ, സുരക്ഷ ഏകോപനം, സ്ഥിരത എന്നിവയെ പിന്തുണയ്ക്കുന്നു. വെസ്റ്റ് ബാങ്കിലും ഗസയിലും സമാധാനം നിലനിർത്താന്‍ ശ്രമിക്കുമെന്നും ഇസ്രയേൽ പലസ്‌തീന്‍ ജനതയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.
കൂടുതൽ വായിക്കാന്‍: വീണ്ടും വിലാപഭൂമിയായി പലസ്തീന്‍ ഇസ്രയേല്‍ മേഖലകള്‍ ; മരണസംഖ്യയേറുന്നു