വാഷിങ്ടൺ: തായ്‌വാനിലേക്ക് 750000 ഡോസ് കൊവിഡ് വാക്സിനുകൾ സംഭാവന ചെയ്യുമെന്ന് അമേരിക്ക. യുഎസ് സെനറ്റർമാരുടെ ഉഭയകക്ഷി സംഘത്തിന്‍റെ മൂന്ന് മണിക്കൂർ നീണ്ട തായ്പേയ് സന്ദർശനത്തിനിടെയാണ് സഹായം നൽകുമെന്ന് പ്രഖ്യാപിച്ചത്.
ഈ മാസം അവസാനത്തോടെ കുറഞ്ഞത് 80 ദശലക്ഷം ഡോസ് വാക്സിനുകൾ ലോകത്തിന് നൽകാമെന്ന വാഷിങ്ടണിന്‍റെ വാഗ്ദാനത്തിന്‍റെ തുടർച്ചയായിട്ടായിരുന്നു തീരുമാനം. തായ്‌വാനിലെ കൊവിഡ് കേസുകളിൽ പെട്ടന്നുണ്ടായ വർധനവ് കണക്കിലെടുത്ത് ആദ്യം വാക്സിൻ സ്വീകരിക്കുന്ന രാജ്യങ്ങളിലൊന്നായി തായ്‌വാനെ തെരഞ്ഞെടുക്കുകയായിരുന്നു. ഇന്തോ- പസഫിക് പര്യടനത്തിന്‍റെ ഭാഗമായിരുന്നു തായ്പേയിലേക്കുള്ള സെനറ്റർമാരുടെ ഹ്രസ്വ സന്ദർശനം.
കൊവിഡ് വാക്സിനുകൾ സംഭാവന ചെയ്യുമെന്ന അമേരിക്കയുടെ വാഗ്ദാനം തായ്‌വാനോടുള്ള രാജ്യത്തിന്‍റെ പിന്തുണയുടെ ശക്തമായ തെളിവാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അമേരിക്ക ലോകത്തിന് നൽകുന്ന വാക്സിനുകളിൽ ആദ്യ ഘട്ടത്തിലെ 25 ദശലക്ഷത്തിൽ 19 ദശലക്ഷം വാക്സിനുകൾ കോവാക്സ് പദ്ധതിയിലൂടെ വിതരണം ചെയ്യുമെന്ന് വൈറ്റ് ഹൗസിൽ നിന്ന് നേരത്തെ പറഞ്ഞിരുന്നു. ഏഴ് ദശലക്ഷം വാക്സിനുകൾ ഏഷ്യൻ രാജ്യങ്ങളായ ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, മാലിദ്വീപ്, മലേഷ്യ, ഫിലിപ്പൈൻസ്, വിയറ്റ്നാം, ഇന്തോനേഷ്യ, തായ്‌ലൻഡ്, ലാവോസ്, പപ്പുവ ന്യൂ ഗ്വിനിയ, തായ്‌വാൻ, പസഫിക് ദ്വീപുകൾ എന്നിവിടങ്ങളിലേക്ക് അയക്കും.