വാഷിങ്ടണ്‍: റഷ്യയ്‌ക്കെതിരെ പോരാടുന്നതിന് കൂടുതല്‍ ആയുധങ്ങള്‍ യുക്രൈനിന് നല്‍കുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍. യുക്രൈനില്‍ നിന്നുള്ള അഭയാര്‍ഥികളെ അമേരിക്ക സ്വീകരിക്കുമെന്നും, ഭക്ഷണവും, പണവും അടക്കം യുക്രൈനിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്ക സഹായമെത്തിക്കുമെന്നും ട്വിറ്ററിലൂടെ ജോ ബൈഡന്‍ അറിയിച്ചു.
"റഷ്യന്‍ അധിനിവേശ സേനയ്‌ക്കെതിരെ പോരാടാന്‍ യുക്രൈനിന് ആവശ്യമായ ആയുധങ്ങളുണ്ടെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തും. യുക്രൈനിയന്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് പണവും, ഭക്ഷണവും, ദുരിതാശ്വാസ സഹായവും നല്‍കും. ഞങ്ങള്‍ യുക്രൈൻ അഭയാര്‍ഥികളെ ഇരു കൈയും നീട്ടി സ്വീകരിക്കും", ബൈഡന്‍ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച 200കോടി അമേരിക്കന്‍ ഡോളറിന്‍റെ ആയുധങ്ങള്‍ യുക്രൈന് നല്‍കാന്‍ പ്രസിഡന്‍റ് ബൈഡന്‍ അനുതി നല്‍കിയിരുന്നു. ഇതോടുകൂടി ഒരു വര്‍ഷത്തിനുള്ളില്‍ യുക്രൈനിന് അമേരിക്ക നല്‍കിയത് 120കോടി അമേരിക്കന്‍ ഡേളറിന്‍റെ ആയുധങ്ങളാണെന്ന് വൈറ്റ് ഹൗസ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
അതേസമയം റഷ്യന്‍ സേന ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഇടനാഴി ആക്രമിക്കുകയാണെന്ന് യുക്രൈനിയന്‍ പ്രസിഡന്‍റ് വൊളാഡിമിര്‍ സെലന്‍സ്‌കി ആരോപിച്ചു.
ALSO READ: റഷ്യ - യുക്രൈന്‍ യുദ്ധം; ജോ ബൈഡന്‍ ഫ്രഞ്ച് പ്രസിഡന്‍റുമായി ചര്‍ച്ച നടത്തി