വാഷിംഗ്ടൺ: ഇറാഖില്‍ നടത്തിയ സൈനീകനീക്കത്തിലൂടെ ഇറാന്‍ സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പിന്നാലെ മേഖയില്‍ കൂടുതല്‍ ഇടപെടലുകളുമായി അമേരിക്ക. പശ്ചിമേഷ്യയിലേക്ക് അധികമായി മൂവായിരം സൈനികരെ അയക്കാന്‍ അമേരിക്ക തീരുമാനിച്ചു. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ നിര്‍ദേശ പ്രകാരം ഇറാഖില്‍ നടത്തിയ വ്യോമാക്രണത്തിന് പിന്നാലെ മേഖലയില്‍ യുദ്ധത്തിനുള്ള സാഹചര്യം ഉടലെടുക്കുന്നതിന് പിന്നാലെയാണ് അമേരിക്കയുടെ നടപടി.
ഉത്തര കരോലിനയിലെ ഫോര്‍ട്ട് ബ്രാഗിലുള്ള 82-ാം എയര്‍ബോണ്‍ ഡിവിഷനിലെ സൈനികരെയായിരിക്കും പശ്ചിമേഷ്യയിലേക്ക് അയക്കുക. ബാഗ്‌ദാദിലെ അമേരിക്കന്‍ എംബസിക്ക് നേരെ ഇറാന്‍ പിന്തുണയുള്ള തീവ്രവാദസംഘടനയിലെ അംഗങ്ങള്‍ നടത്തിയ പ്രക്ഷോഭം അക്രമസക്‌തമായതിന് പിന്നാലെ ഫോര്‍ട്ട് ബ്രാഗില്‍ നിന്ന് കഴിഞ്ഞ ആഴ്‌ച എഴുന്നൂറ് സൈനികരെ കുവൈറ്റിലേക്ക് അയച്ചിരുന്നു.
അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജാവേദ് ഷെരീഫ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. വൈറ്റ് ഹൗസിന്‍റെ നടപടി അപകടവും അങ്ങേയറ്റം വിഡ്ഢിത്തമാണെന്നും, പ്രത്യാക്രമണമുണ്ടായാല്‍ അതിന്‍റെ എല്ലാ ഉത്തരവാദിയും അമേരിക്ക മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്ക മേഖലയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കാന്‍ തീരുമാനിച്ചത്.
പശ്ചിമേഷ്യലുള്ള എല്ലാ അമേരിക്കന്‍ പൗരന്‍മാരും തിരികെ വരണമെന്ന് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. ആക്രമണത്തിന് പിന്നാലെ അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സംഭവത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. അമേരിക്കയുടെയും പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെയും നിലനില്‍പ്പിന് ഭീഷണിയായതിനാലാണ് ഖാസിം സുലൈമാനിയെ വധിച്ചതെന്നാണ് അമേരിക്കന്‍ നിലപാട്. ഈ നിലപാട് അഫ്ഗാനിസ്ഥാന്‍, ബ്രിട്ടണ്‍, ചൈന, ഫ്രാന്‍സ്, ജര്‍മനി, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളെ മൈക്ക് പോംപിയോ അറിയിച്ചിരുന്നു.
അമേരിക്കന്‍ ആക്രമണത്തിനെതിരെ തിരിച്ചടിക്കുമെന്ന നിലപാടിലാണ് ഇറാന്‍. മേഖലയിലേക്ക് കൂടുതല്‍ സൈനികരെ അമേരിക്ക അയക്കുന്നതോടെ പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതമാവുകയാണ്.