വാഷിങ്ടൺ : യുഎസ് ഭരണകൂടം വാക്സിൻ നിർമാണ ഉത്പന്നങ്ങളുടെ ഓർഡറുകൾ പുതുക്കാന്‍ നിർദേശം നൽകിയതായി ഏഷ്യൻ അഫയേഴ്സ് സെൻട്രൽ ആക്ടിംഗ് സെക്രട്ടറി ഡീൻ തോംസൺ. 20 ദശലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിന്‍ അധികമായി നിർമ്മിക്കാൻ ഇത് ഇന്ത്യയ്ക്ക് സഹായകമാകും. കൂടാതെ 500 മില്യൺ യുഎസ് ഡോളർ ഇന്ത്യയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതായും അദ്ദേഹം അറിയിച്ചു.
Also read: അമേരിക്കന്‍ വ്യവസായ പ്രമുഖരുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി
അതേസമയം ആന്‍റണി ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയിൽ കൊവിഡ് മഹാമാരിയിൽ രാജ്യത്തിനൊപ്പം നിന്നതിന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നന്ദി അറിയിച്ചു. യുഎസിൽ അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് എത്തിയതാണ് അദ്ദേഹം. പകർച്ചവ്യാധി നേരിടുന്നതിൽ ഇരു രാജ്യങ്ങളും ഒറ്റക്കെട്ടാണെന്നും ചർച്ചയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ പറഞ്ഞു. കൂടാതെ യുഎസ് സർക്കാർ 2021 ജൂൺ മുതൽ 60 ദശലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിൻ മറ്റ് രാജ്യങ്ങളിലേക്ക് അയക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.