വാഷിങ്‌ടൺ: ജനങ്ങള്‍ക്ക് സ്വന്തം സാമ്പിളുകള്‍ വീട്ടില്‍ തന്നെ ഒരു നേസല്‍ സ്വാബ് ഉപയോഗിച്ച് എടുക്കാവുന്ന ആദ്യത്തെ കൊറോണ വൈറസ് സാമ്പിള്‍ ശേഖരണ കിറ്റിന് യുഎസ് ഫുഡ് ആന്‍റ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്‍ (എഫ്‌ഡിഎ) അംഗീകാരം നല്‍കി. ആളുകള്‍ സ്വയം ശേഖരിച്ച നേസല്‍ സ്വാബ് സാമ്പിളുകള്‍ തങ്ങളുടെ കൊവിഡ്-19 ആര്‍ടി-ടിസിആര്‍ പരിശോധന കിറ്റ് ഉപയോഗിച്ച് പരിശോധിക്കുന്നതിന് ലാബ്‌കോര്‍പ്പിന് അടിയന്തര ഉപയോഗ അംഗീകാരം (ഇ.യു.എ) നല്‍കിയതായി യുഎസ് എഫ്‌ഡിഎ അറിയിച്ചു.
മാര്‍ച്ച്-16നാണ് എഫ്‌ടിഎ ലാബ്‌കോര്‍പ്പിന് ആദ്യത്തെ അടിയന്തര ഉപയോഗ അംഗീകാരം നല്‍കുന്നത്. പക്ഷെ അത് ആരോഗ്യ പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന അപ്പര്‍, ലോവര്‍ റെസ്‌പിറേറ്ററി സാമ്പിൾ ശേഖരണം മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. രോഗികള്‍ക്ക് കൃത്യമായ രോഗ നിര്‍ണായക സംവിധാനങ്ങള്‍ ഉറപ്പ് വരുത്തുന്നതിനുള്ള പരിശോധനാ വികസന നടപടികള്‍ക്ക് വഴിയൊരുക്കിയിരുന്നതായി എഫ്‌ഡിഎ കമ്മിഷണര്‍ സ്റ്റീഫന്‍ ഹാന്‍ പറഞ്ഞു. വീട്ടില്‍ തന്നെ ഒരു രോഗിക്ക് വിശ്വസനീയവും കൃത്യവുമായ സാമ്പിള്‍ ശേഖരണം നടത്താൻ കഴിയുന്ന പോംവഴികള്‍ വികസിപ്പിക്കുന്നതിന് പിന്തുണ നല്‍കലും ഉള്‍പ്പെട്ടിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
തുടക്കത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഈ സാമ്പിൾ ശേഖരണ കിറ്റുകൾ ഉപയോഗിക്കാന്‍ കൊടുക്കുക എന്ന് ലാബ്‌കോര്‍പ്പ് പറഞ്ഞു. അതോടൊപ്പം വൈറസിന് അല്ലെങ്കില്‍ ലക്ഷണങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ വിധേയമാക്കപ്പെട്ടവര്‍ക്കും നല്‍കും.
ലാബ്‌കോര്‍പ്പിന് അടിയന്തര ഉപയോഗ അംഗീകാരത്തില്‍ വീട്ടില്‍ സാമ്പിള്‍ ശേഖരിക്കുക മാത്രമാണ് അനുവദിക്കുക എന്ന് പ്രത്യേകം എടുത്തു പറയുന്നുണ്ട്. എന്നാല്‍ പരിശോധനകള്‍ ലാബ്‌കോര്‍പ്പിന്‍റെ സെന്‍റര്‍ ഫോര്‍ ഈസോടെറിക് ടെസ്റ്റിങ് കേന്ദ്രങ്ങളിലും, കമ്പനിയുടെ മറ്റ് ക്ലിനിക്കല്‍ ലബോറട്ടറി ഇംപ്രൂവ്‌മെന്‍റ് അമെന്‍റ്മെന്‍സ്(സിഎല്‍ഐഎ) അംഗീകൃത ഉയര്‍ന്ന സങ്കീര്‍ണതാ ലബോറട്ടറികളിലും തന്നെ പരിശോധിക്കണമെന്നും വ്യവസ്ഥയുണ്ട്. ഒരു ചോദ്യാവലി പൂരിപ്പിച്ചു നല്‍കിയും, ഒരു ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും ശുപാര്‍ശ തേടി കൊണ്ടും വേണം രോഗികള്‍ കമ്പനി നിര്‍മിക്കുന്ന കിറ്റുകള്‍ വാങ്ങിക്കേണ്ടത്. എത്ര കിറ്റുകള്‍ ഉടനടി ലാബ്‌കോര്‍പ്പ് വിതരണം ചെയ്യുമെന്നോ എത്ര കിറ്റുകള്‍ അവര്‍ക്ക് നിര്‍മിക്കാന്‍ കഴിയുമെന്നോ വ്യക്തമാക്കിയിട്ടില്ല.
ലാബ്‌കോര്‍പ്പ് പാലിക്കേണ്ട മറ്റ് നിരവധി നിബന്ധനകളും എഫ്‌ഡിഎ വിശദമാക്കുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകരും രോഗികളും നല്‍കേണ്ട വസ്‌തുതാ ഷീറ്റുകള്‍ ലഭ്യമാക്കുക, അംഗീകൃത ലബോറട്ടറികളില്‍ ഈ പരിശോധന നടത്തുന്നതിനുള്ള പ്രാമാണിക പ്രവര്‍ത്തന പ്രക്രിയകൾ എന്നിവയും അതിലുള്‍പ്പെടുന്നു.