ന്യൂയോർക്ക്: ജനറൽ ചാൾസ് ക്യൂ. ബ്രൗൺ ജൂനിയറിനെ അമേരിക്കൻ വ്യോമസേന മേധാവിയായി നിയമിച്ചു. യുഎസ് സൈന്യത്തിലെ ആദ്യ ആഫ്രോ- അമേരിക്കൻ മേധാവിയാണ് ജനറൽ ചാൾസ് ക്യൂ. ബ്രൗൺ. അമേരിക്കയിൽ കനത്ത വംശീയ കലാപത്തിനിടയാക്കിയ ആഫ്രോ- അമേരിക്കൻ ജോർജ് ഫ്ലോയിഡിന്‍റെ മരണത്തെ തുടർന്നാണ് നടപടി. ചാൾസ് ക്യൂ. ബ്രൗണിന്‍റെ നിയമനത്തിന് യുഎസ് സെനറ്റ് അംഗീകാരം നൽകി.
യുഎസ് പസഫിക് വ്യോമസേനയുടെ കമാൻഡറായി ബ്രൗൺ അടുത്തിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്ക്വാഡ്രൺ, വിംഗ് തലങ്ങളിൽ വിവിധ പദവികളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. യുഎസ് വ്യോമസേന ആയുധ സ്കൂളിലെ എഫ് -16 ഇൻസ്ട്രക്ടറായിരുന്നു. വംശീയ പക്ഷപാതിത്വവും വെളുത്ത സമൂഹവുമായി പൊരുത്തപ്പെടാനുള്ള പോരാട്ടവും വിവരിക്കുന്ന ഒരു വീഡിയോ അദ്ദേഹം വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
അമേരിക്കൻ വ്യോമ- നാവിക സേനകളിൽ പ്രധാന റാങ്കുകളിൽ കൂടുതലും വെളുത്ത വർഗ്ഗക്കാരെയാണ് നിയോഗിക്കുന്നത്. നാവികസേനയിൽ 17 ശതമാനവും വ്യോമസേനയിൽ 15 ശതമാനത്തിൽ താഴെയും മാത്രമാണ് കറുത്തവർഗ്ഗക്കാറുള്ളത്. ആക്റ്റീവ്-ഡ്യൂട്ടി മിലിട്ടറിയിൽ വംശീയ വിഭജനം വളരെ കൂടുതലാണ്. ആക്റ്റീവ്-ഡ്യൂട്ടി ലിസ്റ്റുചെയ്ത സൈനികരിൽ 19 ശതമാനം കറുത്തവരാണ്. അവരിൽ 71 പേർ ഫ്ലാഗ് ഓഫീസർമാരാണ്.