ജെനീവ: ഇന്ത്യയിൽ നിന്നുള്ള അസ്‌ട്രാസെനക്ക വാക്‌സിന്‍റെ കയറ്റുമതി അടിയന്തരമായി വർധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന. വാക്‌സിന്‍റെ രണ്ടാം ഡോസിന്‍റെ ആവശ്യകത വർധിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലാണ് അസ്‌ട്രാസെനക്ക വാക്‌സിൻ നിർമിക്കുന്നത്. രണ്ടാം ഘട്ട ഡോസ് വിതരണം തടസപ്പെട്ട നിരവധി രാജ്യങ്ങളുണ്ടെന്നും ഇവിടങ്ങളിലേക്കുള്ള വാക്‌സിൻ വിതരണം വേഗത്തിൽ നടത്തേണ്ടതുണ്ടെന്നും ഈ സാഹചര്യത്തിലാണ് ഉൽപാദനവും കയറ്റുമതിയും വർധിപ്പിക്കുന്നതെന്നും ലോകാരോഗ്യ സംഘടന തലവന്‍റെ മുതിർന്ന ഉപദേഷ്‌ടാവ് ബ്രൂസ് എയ്‌ൽവാർഡ് പറഞ്ഞു.
ALSO READ: സിറത്തില്‍ നിന്ന് അസ്ട്രാസെനെക്ക വാക്സിൻ ബ്രിട്ടണിലെത്തും
സബ് സഹാറൻ ആഫ്രിക്ക, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ, മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യ എന്നിവിടങ്ങളിലാണ് അടിയന്തരമായി വാക്‌സിൻ ആവശ്യകതയുള്ളത്. ഇന്ത്യയുടെ അയൽ രാജ്യങ്ങളായ നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും വാക്‌സിൻ ആവശ്യകതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗമുണ്ടായ സാഹചര്യത്തിൽ 80 മില്യൺ കൊവാക്‌സിൻ വിതരണം തടസപ്പെട്ടുവെന്നും 200 മില്യൺ ഡോസുകളുടെ വിതരണത്തിൽ പിന്നോട്ട് പോയെന്നും ഈ മാസം ആരംഭത്തിൽ ബ്രൂസ് എയ്‌ൽവാർഡ് അഭിപ്രായപ്പെട്ടിരുന്നു.