ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു. കൊവിഡിനെ തുടർന്ന് മാർച്ച് പകുതി മുതലാണ് യുഎൻ പ്രവർത്തനങ്ങൾ നിർത്തിവച്ചത്. ജീവനക്കാർ, നയതന്ത്രജ്ഞർ, പത്രപ്രവർത്തകർ എന്നിവർക്കായി പുതിയ ജോലിസ്ഥലത്തെ നടപടികൾ മൂന്ന് ഘട്ടങ്ങളിലായി ആരംഭിക്കാനാണ് തീരുമാനം. 2,11,728 കൊവിഡ് കേസുകളാണ് ന്യൂയോർക്കിൽ നിന്ന് റിപ്പോർട്ട് ചെയ്‌തത്. 21,323 പേർ മരിച്ചു. അമേരിക്കയിൽ 1.94 മില്യൺ ആളുകൾക്ക് രോഗം ബാധിച്ചു. 1,10,400 പേർ മരിച്ചു. ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥരുടെയും പ്രതിനിധികളുടെയും സുരക്ഷക്കും ആരോഗ്യത്തിനുമാണ് ഒന്നാം സ്ഥാനമെന്ന് ഓപ്പറേഷൻ സപ്പോർട്ട് അണ്ടർ സെക്രട്ടറി ജനറൽ അതുൽ ഖരേ യുഎൻ ലേഖനത്തിൽ പറഞ്ഞു. ഉദ്യോഗസ്ഥർ ജോലിസ്ഥലങ്ങളിൽ മടങ്ങിയെത്തുന്നത് ന്യൂയോർക്കിലെ കൊവിഡ് നിയന്ത്രണങ്ങളെ ബാധിക്കില്ല. യുഎൻ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്‍റെ ഒന്നാം ഘട്ടത്തിൽ, 39 നിലകളുള്ള സെക്രട്ടേറിയറ്റിലെ ഓഫീസുകളും, കോൺഫറൻസ് മുറികളും തയ്യാറാക്കുന്നതിന് ഫെസിലിറ്റീസ് ആന്‍റ് കൊമേഴ്‌സ്യൽ ആക്റ്റിവിറ്റീസ് സർവീസിലെ ഉദ്യോഗസ്ഥർ മുഴുവൻ സമയവും പ്രവർത്തിക്കുന്നു. തെരഞ്ഞെടുത്ത പ്രവർത്തനങ്ങൾ മാത്രമേ യുഎൻ ആസ്ഥാനത്ത് അനുവദിക്കൂകയുള്ളൂ. ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ പുറത്തിറക്കിയ 'പോസ്' ഉത്തരവിൽ ഇളവുകൾ നൽകണം. ജനങ്ങൾ വീടുകളിൽ തുടരണമെന്നും, ആവശ്യമല്ലാത്ത വ്യവസായങ്ങൾ ജൂൺ 13 വരെ അടച്ചിടും എന്നാണ് 'പോസ്' ഉത്തരവിൽ പറയുന്നത്.
ആദ്യ ഘട്ടത്തിൽ, ആസ്ഥാനത്ത് പരമാവധി 400 പേരെ ഉൾക്കൊള്ളിക്കും. ഓൺ-സൈറ്റ് പ്രവർത്തനങ്ങൾ നടത്തുന്ന ജീവനക്കാർ മാസ്‌ക് ധരിച്ച് എത്തണം, സ്ഥാപനത്തിൽ പ്രവേശിക്കാൻ താപനില പരിശോധിക്കുകയോ, കൊവിഡ് പരിശോധന നടത്തുകയോ ചെയ്യേണ്ട ആവശ്യമില്ല. മുറികൾ, എലവേറ്ററുകൾ, ഇടനാഴികൾ, വിശ്രമമുറികൾ തുടങ്ങിയ സാധാരണ മേഖലകളിലും മാസ്‌ക് നിർബന്ധമാണ്. ജോലിസമയങ്ങളിൽ മാസ്‌ക് നിർബന്ധമല്ല. ഒന്ന്, രണ്ട് ഘട്ടങ്ങളിൽ പതിവായുള്ള ഉന്നതതല കൂടിക്കാഴ്‌ചകൾ ഉണ്ടായിരിക്കില്ല. ജീവനക്കാരുടെ സുരക്ഷിതമായ സഞ്ചാരത്തിനായി ഇടനാഴികൾ, ചുവരുകൾ, മതിലുകൾ എന്നിവയിൽ വഴികൾ അടയാളപ്പെടുത്തിയിരിക്കും. രണ്ടാം ഘട്ടത്തിൽ, ആസ്ഥാനത്തെ ജീവനക്കാരുടെ എണ്ണം 1,100 ആയി ഉയർത്തും. നഗരത്തിലെ വൈറസ് വ്യാപനം കുറയ്ക്കുന്നതിനും ആരോഗ്യസംരക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നതിനും രണ്ടാം ഘട്ടത്തിലേക്കുള്ള നീക്കം ആവശ്യമാണെന്ന് യുഎൻ അറിയിച്ചു. മൂന്നാം ഘട്ടത്തിൽ ജോലിസ്ഥലത്തെ അപകടസാധ്യതകൾ കുറയുന്ന സാഹചര്യമായിരിക്കും. ന്യൂയോർക്കിൽ നിന്ന് കൊവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്യും. പൊതുവിദ്യാലയങ്ങൾ വീണ്ടും തുറക്കാൻ അനുവദിക്കുന്നത് ഉൾപ്പെടെയുള്ള സാഹചര്യമാണ് മൂന്നാം ഘട്ടം. കൊവിഡ് നമ്മുടെ ജീവിതം, ജോലി എന്നീ രീതികളിൽ മാറ്റം വരുത്തി. സാമൂഹിക അകലം പാലിച്ചുകൊണ്ട് നമ്മൾ ഒറ്റക്കെട്ടായി ഇതിനെ നേരിടണമെന്ന് അതുൽ ഖരേ പറഞ്ഞു.