ന്യൂയോർക്ക്: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടന തെഹ്‌രിക് ഇ താലിബാന്‍റെ നേതാവ് മുഫ്തിനൂർ വാലി മെഹ്സൂദിനെ ആഗോള തീവ്രവാദിയായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു. യുഎൻ സുരക്ഷാ സമിതിയാണ് മെഹ്‌സൂദിനെ തീവ്രവാദ പട്ടികയിൽ ചേർത്തത്. അൽ-ഖ്വയ്ദയിമായുള്ള പ്രവത്തനങ്ങളുടെ പേരിലാണ് ഐക്യരാഷ്ട്രസഭയുടെ നടപടി. ഭീകരാക്രമണ പ്രവര്‍ത്തനത്തിന് പ്രോത്സാഹനം നകുക, സാമ്പത്തിക സഹായം നൽകുക തുടങ്ങിയ പ്രവത്തനങ്ങളിൽ അൽ-ഖ്വയ്ദയെ മുഫ്തി സഹായിച്ചതായി ഐക്യരാഷ്ട്രസഭ കണ്ടെത്തിയിരുന്നു.
മുഫ്തിക്ക് ഭീകരാക്രമണ പ്രവത്തനത്തിൽ പങ്കുണ്ടെന്ന് വാദിച്ച അമേരിക്ക ഐക്യരാഷ്ട്രസഭയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. പാക്കിസ്ഥാനിൽ നടക്കുന്ന മിക്ക ആക്രമണങ്ങൾക്കും കാരണം തെഹ്‌രിക് ഇ താലിബാനാണെന്നും അമേരിക്ക വ്യക്തമാക്കി. 2019 സെപ്റ്റംബറിൽ മുഫ്തിനൂർ വാലി മെഹ്സൂദിനെ ആഭ്യന്തര തലത്തിൽ തീവ്രവാദിയായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു. മുൻ ടിടിപി നേതാവ് മുല്ല ഫസുള്ളയുടെ മരണത്തെത്തുടർന്ന് 2018 ജൂണിലാണ് മുഫ്തി നൂർ വാലി മെഹ്സൂദ് എന്നറിയപ്പെടുന്ന നൂർ വാലി ടിടിപിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വർഷം ഐക്യരാഷ്ട്രസഭ ജയ്ഷ് ഇ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.