ന്യൂയോർക്ക്: യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പാകിസ്ഥാന്‍ പര്യടനത്തിനിടെ കർതാർപൂരിലെ ഗുരുദ്വാര ദർബാർ സാഹിബ് സന്ദർശിക്കുമെന്ന് ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് അറിയിച്ചു. 40 വർഷമായി അഫ്‌ഗാന്‍ അഭയാർഥികൾക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് ഗുട്ടെറസ് പാകിസ്ഥാനിൽ എത്തുന്നത്. ആരാധനാലയങ്ങളിലേക്ക് തീർഥാടകർക്ക് വിസ രഹിത ക്രോസ് ബോർഡർ സന്ദർശനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിലൂടെ ഐക്യത്തിനും ധാരണയ്ക്കും വഴിയൊരുക്കുകയാണ് കർതാർപൂർ ഇടനാഴി തുറന്നുകൊടുത്തതിലൂടെ ചെയ്തതെന്ന് ഗുട്ടെറസ് പറഞ്ഞിരുന്നു.
ദേശീയ സിഖ് പ്രചാരണത്തിന്‍റെ സഹസ്ഥാപകനായ രാജവന്ത് സിംഗ് ഗുട്ടെറസിന്‍റെ സന്ദർശനത്തെ സ്വാഗതം ചെയ്തു. സെക്രട്ടറി ജനറലിന്‍റെ സന്ദർശനം എല്ലാ മതങ്ങളുടെയും സമാധാനപരമായ സഹവർത്തിത്വത്തിനുള്ള ഗുരു നാനാക് ദേവിന്‍റെ സന്ദേശം പ്രചരിപ്പിക്കുകയും കർതാർപൂരിനെ അന്താരാഷ്ട്രതലത്തിൽ എത്തിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ഇസ്ലാമാബാദിലെത്തുന്ന ഗുട്ടെറസ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, പ്രസിഡന്‍റ് ആരിഫ് അൽവി, വിദേശകാര്യമന്ത്രി മഹമൂദ് ഖുറേഷി എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നും സുസ്ഥിര വികസനവും കാലാവസ്ഥാ വ്യതിയാനവും സംബന്ധിച്ച യോഗത്തിൽ സംസാരിക്കുമെന്നും ഹഖ് പറഞ്ഞു. പോളിയോ വാക്സിനേഷൻ സംബന്ധിച്ച പരിപാടിയിൽ പങ്കെടുക്കുമെന്നും സൂചനയുണ്ട്.