മെക്സിക്കൻ മതിലിന് പണം കണ്ടെത്താനായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുളള ട്രംപിന്‍റെ തീരുമാനത്തിനെതിരെയുളള പ്രമേയം അമേരിക്കൻ സെനറ്റും അംഗീകരിച്ചു. ഇരു സഭകളും അംഗീകരിച്ച പ്രമേയത്തിനെതിരെ വീറ്റോ അധികാരം ഉപയോഗിക്കുമെന്ന സൂചന നൽകി ട്വിറ്ററിൽ വീറ്റോ എന്ന് ട്രംപ് ട്വീറ്റ് ചെയ്തു
ജനപ്രതിനിധി സഭ നേരത്തെ അടിയന്തരാവസ്ഥ പ്രഖ്യാപനം വോട്ടിനിട്ട് തള്ളിയിരുന്നു. അടിയന്തരാവസ്ഥ ഭരണഘടനാവിരുദ്ധമാണെന്ന് പറഞ്ഞാണ് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗവും ഇതിനെ ശക്തമായി എതിര്‍ക്കുന്നത്. മെക്സിക്കൻഅതിർത്തിയിൽ മതിൽ പണിയുന്നതിന് കോൺഗ്രസിന്‍റെഅനുമതി കൂടാതെ പണം കണ്ടെത്താനുള്ള വഴി തേടിയാണ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
സൗദിയുടെ നേതൃത്വത്തിൽ യെമനിൽ നടക്കുന്ന യുദ്ധത്തിന് അമേരിക്ക നൽകുന്ന പിന്തുണ പിൻവലിക്കാനുള്ള തീരുമാനം അംഗീകരിച്ച് സെനറ്റ് വോട്ടു ചെയ്തു. ഇത്തരം തീരുമാനങ്ങളിൽ പ്രസിഡന്‍റിന്‍റെ അധികാരം പരിമിതപ്പെടുത്തുന്നതാണ് നടപടി. ഇതിന് ഇനി ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയുടെ അംഗീകാരം കൂടി വേണം. ഇവിടെയും വീറ്റോ ഭീഷണി മുഴക്കുകയാണ് ട്രംപ്.