വാഷിങ്ടണ്‍: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നവംബർ മൂന്നിന് തന്നെ നടത്തണമെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഈ വോട്ടെടുപ്പ് നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
നോർത്ത് കരോലിനയിൽ മെയിൽ-ഇൻ ബാലറ്റുകൾ സ്വീകരിക്കുന്നതിന് ആറ് ദിവസത്തെ സമയപരിധി നീട്ടാനുള്ള യുഎസ് സുപ്രീം കോടതിയുടെ തീരുമാനത്തെ നിരസിച്ചതിന് ശേഷമാണ് ട്രംപിന്‍റെ പ്രസ്താവന.
"ഈ തീരുമാനം നമ്മുടെ രാജ്യത്തിന് മോശമാണ്. ഒൻപത് ദിവസത്തെ കാലയളവിൽ എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്ക് ഊഹിക്കാമോ? തെരഞ്ഞെടുപ്പ് നവംബർ മൂന്നിന് അവസാനിക്കണം," ട്രംപ് ട്വിറ്ററിലൂടെ പറഞ്ഞു.
നോർത്ത് കരോലിനയിൽ മെയിൽ-ഇൻ ബാലറ്റുകൾക്കുള്ള സമയപരിധി തടയുന്നതിനുള്ള റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുള്ള രണ്ടാമത്തെ ശ്രമം യുഎസ് സുപ്രീം കോടതി വ്യാഴാഴ്ച നിരസിച്ചു.
ഡെമോക്രാറ്റുകൾ ആളുകളെ മെയിൽ വഴി വോട്ടുചെയ്യാൻ പ്രോത്സാഹിപ്പിക്കുകയാണെന്നും ആ ബാലറ്റുകൾ സ്വീകരിക്കുന്നതിന് സമയപരിധി നീട്ടുന്നത് തെരഞ്ഞെടുപ്പ് തട്ടിപ്പിന് ഇടയാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.