വാഷിങ്‌ടൺ: ബൈഡൻ ഭരണകൂടത്തിന് ആശംസകൾ നേർന്ന് ഡൊണാൾഡ് ട്രംപ്. അമേരിക്കയെ സുരക്ഷിതമായും മികച്ച രീതിയിലും മുന്നോട്ട് കൊണ്ടുപോകാന്‍ പുതിയ സർക്കാരിന് കഴിയട്ടെ എന്നും ട്രംപ് ആശംസിച്ചു. ചൊവ്വാഴ്‌ച നടന്ന വിടവാങ്ങൽ പ്രസംഗത്തിൽ തന്‍റെ ഭരണകാലത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയ ട്രംപ് ക്യാപിറ്റൽ കലാപത്തെ അപലപിക്കുകയും ചെയ്‌തു. സമാധാനം ആഗ്രഹിക്കുന്ന സ്‌നേഹമുള്ള പൗരന്മാരുടെ രാജ്യമാണ് അമേരിക്കയെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിൽ ട്രംപ് ജോ ബൈഡന്‍റെ പേര് പരാമർശിച്ചില്ല.
രാജ്യം പുനർനിർമിക്കുന്നതിനും സർക്കാരിന് ജനങ്ങളോടുള്ള കടമ മെച്ചപ്പെട്ട രിതീയില്‍ നിറവേറ്റുന്നതിനുമായി വലിയ ശ്രമങ്ങളാണ് നടത്തിയത് . അമേരിക്കയെ മികച്ചതാക്കാനുള്ള ദൈത്യം ഞങ്ങൾ ഏറ്റെടുക്കുകയായിരുന്നു . അമേരിക്കൻ ഐക്യനാടുകളുടെ 45-ാമത്തെ പ്രസിഡന്‍റ് എന്ന നിലയിലുള്ള കാലാവധി അവസാനിക്കുമ്പോൾ, ഒരുമിച്ച് നേടിയ നേട്ടങ്ങളിൽ ഞാൻ അഭിമാനിക്കുന്നു. 2016 ൽ തന്നെ പ്രസിഡന്‍റായി തെരഞ്ഞെടുത്തവരോട് നന്ദി അറിയിക്കുന്നതായും ട്രംപ് പറഞ്ഞു.
തന്‍റെ ഭരണനേട്ടങ്ങളും വിടവാങ്ങള്‍ പ്രസംഗത്തില്‍ ട്രംപ് എടുത്തുപറഞ്ഞു. ലോക ചരിത്രത്തിലെ ഏറ്റവും മികച്ച സമ്പദ് വ്യവസ്ഥയാണ് പടുത്തുയർത്തിയത്. ചൈനയുമായി മികച്ച കരാറുകളില്‍ ഒപ്പുവച്ചു. എന്നാല്‍ ചൈന വൈറസ് സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചതായും ട്രംപ് ആരോപിച്ചു. മിഡിൽ ഈസ്റ്റിലെ അബ്രഹാം കരാർ സമാധാന ഇടപാടുകള്‍ ഉൾപ്പെടെ തന്‍റെ നേട്ടങ്ങളാണെന്ന് പറഞ്ഞ ട്രംപ് , പുതി യുദ്ധങ്ങള്‍ ആരംഭിക്കാതെയാണ് താന്‍ സ്ഥാനം ഒഴിയുന്നതെന്നുെം അറിയിച്ചു .
ക്യാപിറ്റോൾ ആക്രമണത്തിൽ എല്ലാ അമേരിക്കക്കാരും പരിഭ്രാന്തരായി.അക്രമ രാഷ്ട്രീയം അമേരിക്ക ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. രാഷ്ട്രീയ അക്രമം എന്നത് അമേരിക്കക്കാർ എന്ന നിലയിൽ ഞങ്ങൾ വിലമതിക്കുന്ന എല്ലാത്തിനും നേരെയുള്ള ആക്രമണമാണ്. ഇത്തരത്തിലുള്ള വിദ്വേഷ പ്രവർത്തനങ്ങള്‍ക്ക് അതീതമായ ഒരു ചിന്താഗതിയിലേക്ക് അമേരിക്കന്‍ ജനത ഉയരണമെന്നും ട്രംപ് ആവശ്യപ്പെട്ടു. പിന്തുണ നൽകിയ ഭാര്യ മെലാനിയ ട്രംപിനും കുടുംബത്തിനും നന്ദി അറിയിച്ച ട്രംപ് വൈസ് പ്രസിഡന്‍റായിരുന്ന മൈക്ക് പെൻസിനും നന്ദി അറിയിച്ചു.