വാഷിങ്ടൺ: കൊവിഡ് രോഗത്തിന് ചികിത്സ തുടരുന്നതിനിടെ ക്വാറന്‍റൈൻ ലംഘിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ചികിത്സയ്ക്കിടെ ക്വാറന്‍റൈൻ ലംഘിച്ച് അമേരിക്കൻ പ്രസിഡന്‍റ് കാർ യാത്ര നടത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി അണികളെ ആവേശം കൊള്ളിക്കാനാണ് യാത്രയെന്നായിരുന്നു ട്രംപിന്‍റെ വിശദീകരണം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു യാത്രയെന്ന് വൈറ്റ് ഹൗസും വിശദീകരിച്ചു. ചികിത്സയ്ക്കിടെ ട്രംപിന്‍റെ രക്തത്തിന്‍റെ അളവ് കുറഞ്ഞെന്നും സ്റ്റിറോയിഡ് നല്‍കിയതായും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു. തിങ്കളാഴ്ച ആശുപത്രി വിടാനിരിക്കെയാണ് ട്രംപിന്‍റെ വിവാദ കാർ യാത്ര.
കൊവിഡ് പ്രോടോക്കോൾ ലംഘിച്ച് നടത്തിയ യാത്രയ്ക്കെതിരെ ആരോഗ്യവിദഗ്ധർ അടക്കം രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. വാഹനത്തില്‍ ട്രംപിന് ഒപ്പം ഉണ്ടായിരുന്നവർ 14 ദിവസം ക്വാറന്‍റൈനില്‍ പ്രവേശിക്കേണ്ടി വരുമെന്ന് ഡോ.ജയിംസ്.പി ഫിലിപ്പ്സ് ട്വിറ്ററിലൂടെ പറഞ്ഞു. രോഗം ബാധിച്ച് അവർ മരിക്കാനും സാധ്യതയുണ്ട്. രാഷ്‌ട്രീയ നാടകത്തിന് വേണ്ടി ട്രംപ് അവരുടെ ജീവന് ഭീഷണി സൃഷ്ടിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന്‍റെ ആരോഗ്യനിലയെ കുറിച്ച് ഇതിനോടകം തന്നെ വ്യത്യസ്ത റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഓക്സിജന്‍റെ അളവില്‍ ഉണ്ടാകുന്ന മാറ്റം ആശങ്കപ്പെടുത്തുന്നുണ്ടെന്നാണ് വാൾട്ടർ റീഡ് സൈനിക ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്.
അതേസമയം, ട്രംപിന് രോഗം സ്ഥിരീകരിക്കുന്നതിന് മുൻപ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തില്‍ ഡൊണാൾഡ് ട്രംപിനൊപ്പം പ്രസിഡന്‍റ് സ്ഥാനാർഥി ജോൺ ബൈഡനും വേദി പങ്കിട്ടിരുന്നു. 90 മിനിറ്റാണ് ഇരുവരും വേദിയില്‍ ഒരുമിച്ച് ഉണ്ടായിരുന്നു. ഇതേ തുടർന്ന് ബൈഡനും കൊവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു.