വാഷിങ്ടൺ: കൊവഡ്-19ന്‍റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഫെഡറൽ ഫണ്ടിൽനിന്ന് 50,000 കോടി യു.എസ്. ഡോളർ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര പ്രവർത്തന കേന്ദ്രങ്ങൾ ഉടൻ സജ്ജമാക്കാൻ എല്ലാ സംസ്ഥാനങ്ങളോടും ട്രംപ് ആവശ്യപ്പെടുകയും ചെയ്തു.
അടുത്ത എട്ടാഴ്ചകൾ നിർണായകമാണ്. കൊറോണ വൈറസിനെ കുറിച്ച് പഠിക്കുകയും അതിനെ അതിജീവിക്കുകയും ചെയ്യുമെന്നും ട്രംപ് പറഞ്ഞു. എല്ലായിടത്തുനിന്നുമുള്ള അമേരിക്കക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ രാജ്യത്തെ എല്ലാ ആശുപത്രികളോടും അടിയന്തര സന്നദ്ധതാ പദ്ധതി ആവിഷ്‌കരിക്കാനും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. 48 സംസ്ഥാനങ്ങളിലും കൊളംബിയ ഡിസ്ട്രിക്റ്റിലുമായി 1,740 കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.