ദോഹ : യുഎസ്, താലിബാൻ പ്രതിനിധികൾ ഖത്തറിൽ കൂടിക്കാഴ്‌ച നടത്തി. അഫ്‌ഗാനിൽ നിന്നും യുഎസ് സൈന്യത്തിന്‍റെ പിൻവാങ്ങലിന് ശേഷം യുഎസും താലിബാനും നടത്തുന്ന ആദ്യ ചര്‍ച്ചയാണിത്. വാക്കുകളിലൂടെ മാത്രമല്ല, പ്രവർത്തികളിലൂടെയും താലിബാൻ വിലയിരുത്തപ്പെടുമെന്ന് യുഎസ് പ്രതിനിധി സംഘം വ്യക്തമാക്കി.
അഫ്‌ഗാന്‍റെ എല്ലാ രംഗങ്ങളിലും സ്ത്രീകളുടെയും കുട്ടികളുടെയും പങ്കാളിത്തം, സുരക്ഷയും ഭീകരവാദവും സംബന്ധിച്ച ആശങ്കകൾ, വിദേശ പൗരന്മാരുടെ സുരക്ഷ എന്നിവ സംബന്ധിച്ചെല്ലാം സജീവ ചര്‍ച്ചയുണ്ടായി.
യുദ്ധത്തിൽ സാമ്പത്തികമായി തകർന്ന അഫ്‌ഗാൻ ജനതയ്ക്ക് മാനുഷിക സഹായം നൽകുമെന്ന് യുഎസ് ഉറപ്പ് നൽകി. എന്നാൽ അഫ്‌ഗാനിലെ പുതിയ താലിബാൻ ഭരണാധികാരികൾക്ക് രാഷ്‌ട്രീയ അംഗീകാരം നൽകില്ല.
Also Read: ഇന്ധനവില വീണ്ടും കൂട്ടി ; തിരുവനന്തപുരം നഗരത്തിലും സെഞ്ച്വറി അടിച്ച് ഡീസല്‍
ഓഗസ്റ്റ് ആദ്യ വാരത്തോടെയാണ് അഫ്‌ഗാനിൽ നിന്നും യുഎസ് സൈനിക പിന്മാറ്റം പൂർണമായത്. അതോടെ താലിബാൻ അഫ്‌ഗാനെ ആക്രമിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. യുഎസ് പിന്തുണയോടെയുള്ള അഫ്‌ഗാൻ സർക്കാർ തകർന്നശേഷം ഓഗസ്റ്റ് 15നാണ് താലിബാൻ അഫ്‌ഗാന്‍റെ അധികാരം കൈയടക്കിയത്.
താലിബാൻ അധികാരത്തിൽ എത്തിയതോടെ അഫ്‌ഗാൻ ജനതയുടെ കൂട്ടപ്പലായനത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്.