വാഷിങ്ടണ്‍: മധ്യവയസ്കരായ പുരുഷന്മാർക്കിടയിലെ ഏകാന്തത കാന്‍സറിന് കാരണമായേക്കാമെന്ന് ഈസ്റ്റേൺ ഫിൻലാൻഡ് സർവകലാശാലയുടെ പഠനം. ഏകാന്തതയും, സാമൂഹിക ബന്ധങ്ങളും സമഗ്ര ആരോഗ്യ സംരക്ഷണത്തിന്‍റെയും രോഗ പ്രതിരോധത്തിന്‍റെയും പ്രധാന ഘടകമാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഈ കണ്ടെത്തലുകള്‍ സൈക്യാട്രി റിസർച്ചിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
'അടുത്ത കാലത്തായി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഏകാന്തത എന്നത് പുകവലി, അമിതവണ്ണം തുടങ്ങിയ അവസ്ഥകളെ പോലെ ആരോഗ്യത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം' ഈസ്റ്റേൺ ഫിൻലാൻഡ് സർവകലാശാല പ്രോജക്ട് റിസർച്ചർ സിരി ലിസി പറയുന്നു.
1980കളില്‍ കിഴക്കൻ ഫിൻലാൻഡിൽ നിന്നുള്ള 2,570 മധ്യവയസ്കരായ പുരുഷന്മാരെ വച്ചാണ് പഠനം ആരംഭിച്ചത്. ഇന്നുവരെ രജിസ്റ്റർ ചെയ്ത വിവരങ്ങളുടെ അടിസ്ഥാനത്തിൽ അവരുടെ ആരോഗ്യവും മരണനിരക്കും എല്ലാം തന്നെ സര്‍വകലാശാല നിരീക്ഷിക്കുന്നുണ്ട്. ഇതില്‍ 649 പുരുഷന്മാര്‍ അതായത് 25 ശതമാനം പേര്‍ക്കും കാന്‍സര്‍ സ്ഥിരീകരിച്ചു. ഇവരില്‍ 283 പേര്‍ കാന്‍സര്‍ ബാധിച്ച് മരണപ്പെട്ടു.
ഏകാന്തത കാൻസർ സാധ്യത പത്ത് ശതമാനം വർദ്ധിപ്പിച്ചു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അവിവാഹിതരോ വിധവകളോ വിവാഹമോചിതരോ ആയവരില്‍ കാൻസർ മരണനിരക്ക് കൂടുതലാണ്. ഏകാന്തത നമ്മുടെ ജീവിതത്തെ എങ്ങനെ മോശമായി ബാധിക്കുന്നു എന്നതിനെക്കുറിച്ച് മനസിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.