വാഷിങ്ടൺ: ഇന്ത്യാ സന്ദര്‍ശനത്തിനിടെ വിപുലമായ വ്യാപാര കരാറില്‍ ഇപ്പോൾ ഒപ്പിടില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ്. ഇന്ത്യയ്ക്കായി ഭാവിയില്‍ വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നും എന്നാല്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു മുമ്പ് അത്തരം കരാറുകള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ വിപുലമായ വ്യാപാരക്കരാര്‍ ഉണ്ടാകുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയില്‍ അപ്രതീക്ഷിതമായുണ്ടായ മാന്ദ്യം, യുഎസ്-ചൈന വ്യാപാര കരാറിന്‍റെ ആഘാതം, യുഎസ് ഭാഗത്തുനിന്ന് ജിഎസ്‌പിയുടെ പിൻവാങ്ങൽ തുടങ്ങിയ കാരണങ്ങളാണ് വിപുല വ്യാപാരക്കരാറിന് തടസമായതെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയുമായി നിലവിൽ വ്യാപാര കരാറിൽ ഏർപ്പെടാൻ താൽപര്യമില്ലെന്നാണ് ട്രംപിന്‍റെ വാക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യ ഞങ്ങളെ നല്ല രീതിയിൽ അല്ല പരിഗണിച്ചതെന്നാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച അദ്ദേഹം താന്‍ ഇന്ത്യൻ സന്ദർശനത്തിനായി കാത്തിരിക്കുകയാണെന്നും പറഞ്ഞു. ‘എനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വളരെയധികം ഇഷ്‌ടമാണ്. വിമാനത്താവളത്തിലും പരിപാടി നടക്കുന്ന വേദിക്കുമിടയില്‍ 70 ലക്ഷം പേരുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. പരിപാടി നടക്കുന്ന സ്റ്റേഡിയം ഇപ്പോൾ പണിതുകൊണ്ടിരിക്കുകയാണെന്നാണ് അറിയാൻ കഴിഞ്ഞത്. അത് ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റേഡിയമാകുമെന്നാണ് കരുതുന്നത്. എന്തായാലും വളരെയധികം ആവേശകരമായിരിക്കും, നിങ്ങളെല്ലാവരും അത് ആസ്വദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ ട്രംപ് യുഎസ് മാധ്യമങ്ങളോട് പറഞ്ഞു. ഫെബ്രുവരി 24, 25 തീയതികളിലാണ് ട്രംപിന്‍റെ ഇന്ത്യാ സന്ദർശനം.