ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഇളയ സഹോദരൻ റോബർട്ട് ട്രംപ് (71) അന്തരിച്ചു. ന്യൂയോർക്ക് സിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു മരണം. ഡോണൾഡ് ട്രംപ് തന്നെയാണ് സഹോദരന്‍റെ മരണവിവരം അറിയിച്ചത്. റോബർട്ടിന്‍റെ ആരോഗ്യനില ഗുരുതരമായതിനെത്തുടർന്ന് ട്രംപ് വെള്ളിയാഴ്ച അദ്ദേഹത്തിനെ സന്ദർശിച്ചിരുന്നു. യുഎസിലെ പ്രശസ്തനായ ബിസിനസുകാരനാണ് റോബർട്ട് ട്രംപ്.
"എന്‍റെ സഹോദരൻ റോബർട്ട് ട്രംപ് ഇന്ന് രാത്രി അന്തരിച്ചുവെന്ന വാർത്ത വേദനിക്കുന്ന ഹൃദയത്തോടെ പങ്കുവയ്ക്കുന്നു. റോബർട്ട് എന്‍റെ സഹോദരൻ മാത്രമല്ല, എന്‍റെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു. അവനെ ശരിക്കും മിസ് ചെയ്യും. ഞങ്ങൾ വീണ്ടും കണ്ടുമുട്ടും. അവന്‍റെ ഓർമ എന്‍റെ ഹൃദയത്തിൽ എന്നും നിലനിൽക്കും. റോബർട്ട്, ഞാൻ നിന്നെ സ്നേഹിക്കുന്നു. സമാധാനത്തോടെ വിശ്രമിക്കുക," യുഎസ് പ്രസിഡന്‍റ് പറഞ്ഞു. വാൾ സ്ട്രീറ്റില്‍ കോർപറേറ്റ് ഫിനാൻസിൽ ബിസിനസ് ആരംഭിച്ചാണ് റോബർട്ട് ട്രംപിന്‍റെ കരിയർ ആരംഭിക്കുന്നത്. പിന്നീട്, കുടുംബ ബിസിനസ് ഏറ്റെടുത്തു. ട്രംപ് ഓർഗനൈസേഷന്‍റെ എക്‌സിക്യൂട്ടീവായി പ്രവർത്തിക്കുമ്പോൾ അദ്ദേഹം നൈസ് ട്രംപ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 2020ൽ റോബർട്ട് തന്‍റെ കൂട്ടുകാരിയായിരുന്ന ആൻ മേരിയെ വിവാഹം ചെയ്‌തു.