വാഷിങ്ടണ്‍: മിഗ് യുദ്ധവിമാനങ്ങള്‍ യുക്രൈന് കൈമാറില്ലെന്ന് വ്യക്തമാക്കി അമേരിക്ക. നാറ്റോ സംഖ്യ രാജ്യമായ പോളണ്ട് അവരുടെ കൈവശമുള്ള മിഗ് യുദ്ധവിമാനങ്ങള്‍ നാറ്റോയ്ക്ക് കൈമാറാമെന്നും തുടര്‍ന്ന് നാറ്റോ അവ യുക്രൈന് കൈമാറമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് റഷ്യയെ പ്രകോപിപ്പിച്ച് യുദ്ധം രൂക്ഷമാക്കുമെന്ന വിലയിരുത്തലാണ് തങ്ങളുടെ ഇന്‍റെലിജന്‍സ് വൃത്തങ്ങള്‍ക്കുള്ളതെന്ന് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.
അതേസമയം വ്യോമാക്രമണം പ്രതിരോധിക്കാനുള്ള ആയുധങ്ങള്‍ യുക്രൈന് നല്‍കുന്ന കാര്യം പരിഗണിച്ച് കൊണ്ടിരിക്കുകയാണെന്ന് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യുക്രൈനിന് എന്തൊക്കെ ആയുധങ്ങള്‍ നല്‍കണമെന്ന കാര്യത്തില്‍ ഒരോ നാറ്റോ അംഗരാജ്യങ്ങള്‍ക്കും തീരുമാനിക്കാമെന്ന് അമേരിക്ക വ്യക്തമാക്കുന്നുണ്ടെങ്കിലും അമേരിക്കയുടെ പിന്തുണയില്ലാതെ ഏതെങ്കിലും അംഗരാജ്യം യുദ്ധവിമാനങ്ങള്‍ യുക്രൈന് നല്‍കുമോ എന്നുള്ള കാര്യം സംശയമാണ്. പോളണ്ടിനോട് സോവിയറ്റ് നിര്‍മിത യുദ്ധവിമാനങ്ങള്‍ യുക്രൈനിന് നല്‍കാന്‍ അമേരിക്ക ആവശ്യപ്പെട്ടിരുന്നു. യുക്രൈനിലെ സൈനിക പൈലറ്റുമാര്‍ക്ക് ഈ വിമാനങ്ങള്‍ പറത്താനുള്ള പരിശീലനം ലഭിച്ചിട്ടുണ്ട് .
അമേരിക്കയുടെ ഈ ആവശ്യം പോളണ്ട് നിരസിക്കുകയാണ് ഉണ്ടായത്. അതിന് പകരം അവര്‍ മുന്നോട്ട് വച്ചത് അവരുടെ കൈവശമുള്ള എല്ലാ മിഗ്-29 യുദ്ധവിമാനങ്ങളും ജര്‍മനിയിലെ റമ്സ്റ്റീനിലുള്ള യുഎസ് സൈനിക താവളത്തില്‍ എത്തിച്ചുകൊണ്ട് നാറ്റോയ്ക്ക് കൈമാറമെന്നും. നാറ്റോ ഈ യുദ്ധവിമാനങ്ങള്‍ യുക്രൈന് കൈമാറണമെന്നുമായിരുന്നു. എന്നാല്‍ ഈ നിര്‍ദേശമാണ് അമേരിക്ക ഇപ്പോള്‍ തള്ളിയത്. യുദ്ധവിമാനങ്ങള്‍ യുക്രൈന് നല്‍കുന്ന കാര്യത്തില്‍ നാറ്റോ കൂട്ടായി തീരുമാനിക്കണമെന്നാണ് പോളണ്ട് പറയുന്നത്.
ALSO READ: യുക്രൈനിലെ സുമിയിൽ കുടുങ്ങിയ 650ലധികം വിദ്യാർഥികളെ ഒഴിപ്പിച്ചു