വാഷിംഗ്‌ടൺ: പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്‍റ് പ്രമേയം സെനറ്റിലേക്ക് അയക്കുന്നതിനായുള്ള വോട്ടെടുപ്പ് ഇന്ന് നടക്കാൻ സാധ്യത. സ്‌പീക്കർ നാൻസി പെലോസി ചൊവ്വാഴ്‌ച ഡെമോക്രാറ്റുകളുമായി സ്വകാര്യമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പ്രസിഡന്‍റും സെനറ്റർമാരും ഉത്തരവാദിത്തമുള്ളവരാകണമെന്നും അമേരിക്കൻ ജനത സത്യമറിയാന്‍ അർഹരാണെന്നും ഭരണഘടന വിചാരണ ആവശ്യപ്പെടുന്നതായും പെലോസി പ്രസ്‌താവനയിൽ പറഞ്ഞു.
ഇതോടെ സെനറ്റില്‍ വിചാരണ നേരിടുന്ന മൂന്നാമത്തെ പ്രസിഡന്‍റായി ട്രംപ് മാറും. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എതിർസ്ഥാനാർഥിയാകുമെന്ന് കരുതുന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും മകനുമെതിരെ അന്വേഷണം നടത്താൻ യുക്രൈൻ സർക്കാരിനുമേൽ സമ്മർദം ചെലുത്തിയെന്ന ആരോപണത്തിലാണ് ഇംപീച്ച്മെന്‍റ് വിചാരണ. ജനപ്രതിനിധിസഭ ഡിസംബറിൽ ട്രംപിനെതിരെ കുറ്റം ചുമത്തിയിരുന്നു. സഭ പാസാക്കിയ ഇംപീച്ച്മെന്‍റ് പ്രമേയം ഈയാഴ്‌ച സ്‌പീക്കർ നാൻസി പെലോസി സെനറ്റിന് കൈമാറും. എന്നാൽ, റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ ട്രംപിനെതിരെയുള്ള നീക്കം പാസാകാനിടയില്ല.