വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റിന്‍റെയും വൈറ്റ് ഹൗസിന്‍റെയും സുരക്ഷ ചുമതലയുള്ള സീക്രട്ട് സർവിസിൽ കോവിഡ് വ്യാപനം രൂക്ഷം. 130ഓളം സീക്രട്ട് സർവിസ് ഏജന്‍റുമാർക്ക് കോവിഡ് ബാധിച്ചതായാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ട്രംപ് നിരവധി പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നു. ഇവയിൽ പങ്കെടുത്തതിൽ ഭൂരിഭാഗം പേരും മാസ്ക് ധരിച്ചിരുന്നില്ല.
വോട്ടിങ് ദിവസത്തെ ആഘോഷമുൾപ്പെടെ വൈറ്റ് ഹൗസിൽ നടന്ന നിരവധി ചടങ്ങുകളിൽ പങ്കെടുത്തവരും മാസ്ക് ധരിച്ചിരുന്നില്ല. ഇവയ്ക്കെല്ലാം സുരക്ഷ ഒരുക്കിയത് സീക്രട്ട് സർവിസാണ്. ട്രംപിന്‍റെ ചീഫ് ഓഫ് സ്റ്റാഫ് ആയ മാർക് മെഡോസിനും കോവിഡ് ബാധിച്ചിട്ടുണ്ട്. ഒക്ടോബർ തുടക്കത്തിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെ വൈറ്റ് ഹൗസിലെ നിരവധി ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ചു. എന്നാൽ, മാസ്ക് ധരിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന നിലപാടാണ് ട്രംപ് തുടക്കം മുതൽക്കേ കൈക്കൊണ്ടത്.