ന്യൂയോര്‍ക്ക്: അടുത്ത വര്‍ഷം പത്ത് ദശലക്ഷത്തിലധികം കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുമെന്ന് യൂനിസെഫ്. ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോങ്കോ, വടക്കുകിഴക്കന്‍ നൈജീരിയ, മധ്യ സഹേല്‍ മേഖല, സുഡാന്‍, യെമന്‍ എന്നീ മേഖലകളിലെ പത്ത് ദശലക്ഷത്തിലധികം കുഞ്ഞുങ്ങളാണ് 2021ല്‍ പോഷകാഹാരക്കുറവ് നേരിടുമെന്ന് യൂനിസെഫ് മുന്നറിയിപ്പ് നല്‍കിയത്. ഈ രാജ്യങ്ങളില്‍ ജനങ്ങള്‍ ഭക്ഷ്യദൗര്‍ലഭ്യവും, അതേസമയം കൊവിഡ് മഹാമാരിയുമടക്കമുള്ള പ്രതിസന്ധികള്‍ നേരിടുകയാണെന്നും യൂനിസെഫിന്‍റെ പ്രസ്‌താവനയില്‍ പറയുന്നു. പ്രകൃതിദുരന്തങ്ങളും, ആഭ്യന്തര സംഘര്‍ഷങ്ങളും, കാലാവസ്ഥാ വ്യതിയാനങ്ങളും, കൊവിഡ് മഹാമാരിയും ഈ രാജ്യങ്ങളില്‍ പോഷകാഹാരക്കുറവ് അടക്കമുള്ള പ്രതിസന്ധികള്‍ രൂക്ഷമാക്കുന്നുവെന്ന് യൂനിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ഹെന്‍റിയേറ്റ ഫോര്‍ വ്യക്തമാക്കി. കുട്ടികള്‍ക്ക് ആഹാരലഭ്യത ഉറപ്പ് വരുത്തുവാന്‍ കുടുംബങ്ങള്‍ പ്രതിസന്ധി നേരിടുകയാണെന്നും ഹെന്‍റിയേറ്റ ഫോര്‍ കൂട്ടിച്ചേര്‍ത്തു.
കടുത്ത പോഷാകാഹാരക്കുറവ് മൂലമുണ്ടാകുന്ന ഭാരക്കുറവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും 5വയസിന് താഴെയുള്ള കുഞ്ഞുങ്ങളില്‍ മരണത്തിന് കാരണമാകുന്നു. 2020ല്‍ കൊവിഡ് മഹാമാരിക്കിടയില്‍ ഗുരുതര പ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്കും കുടുംബത്തിനും ആവശ്യമായ സഹായങ്ങള്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ യൂനിസെഫ് തുടര്‍ന്നിരുന്നു. കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആവശ്യമായ ഭക്ഷ്യലഭ്യതയടക്കമുള്ള അടിയന്തര ആവശ്യങ്ങള്‍ ലഭ്യമാക്കാന്‍ ഈ രാജ്യങ്ങളോടും അന്താരാഷ്‌ട്ര സമൂഹത്തോടും യൂനിസെഫ് ആവശ്യപ്പെട്ടിട്ടുണ്ട്.