ലോസാഞ്ചലസ്: ഓറഞ്ച് വെടിവെപ്പ് കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് പിടികൂടി. അമിനാദാബ് ഗോണ്‍സാലസ്(44) ആണ് പിടിയിലായത്. ബുധനാഴ്‌ച വൈകീട്ട് കുട്ടി ഉള്‍പ്പെടെ നാല് പേരെ വെടിവെച്ച് കൊന്ന കേസിലാണ് അറസ്റ്റ്. പ്രതിക്ക് നാലുപേരെയും നേരത്തെ അറിയാമെന്ന സംശയത്തിലാണ് പൊലീസ്. മുന്‍കൂട്ടി തീരുമാനിച്ച ശേഷമാണ് പ്രതി വെടിവെപ്പ് നടത്തിയതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. വെടിവെപ്പില്‍ മരിച്ച കുട്ടിയുടെ അമ്മയെന്ന് സംശയിക്കുന്ന സ്‌ത്രീ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
കൂടുതല്‍ വായനക്ക്: കാലിഫോർണിയയിൽ വെടിവയ്പ്; നാല് പേർ കൊല്ലപ്പെട്ടു
സംഭവ സ്ഥലത്ത് നിന്നും സെമി ഓട്ടോമാറ്റിക് പിസ്‌റ്റളും ബാഗും പൊലീസ് കണ്ടെടുത്തു. ബാഗില്‍ പെപ്പര്‍ സ്‌പ്രേ, വിലങ്ങ്, തിരകള്‍ എന്നിവയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മാര്‍ച്ച് മാസത്തില്‍ നടന്ന മൂന്നാമത്തെ വെടിവെപ്പാണ് കഴിഞ്ഞ ദിവസം നടന്നത്. നേരത്തെ ജോര്‍ജിയയിലെ അറ്റ്‌ലാന്‍ഡയിലുണ്ടായ വെടിവെപ്പില്‍ എട്ട് പേരും കൊളറാഡോയിലുണ്ടായ വെടിവെപ്പില്‍ 10 പേരും കൊല്ലപ്പെട്ടിരുന്നു.