ന്യൂയോർക്ക്: കനത്ത മഞ്ഞ് വീഴ്‌ചയെ തുടർന്ന് അമേരിക്കയില്‍ വിവിധ സ്ഥലങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂയോർക്ക് നഗരം, ലോംഗ് ഐലൻഡ്, ഹഡ്‌സൺ വാലിയിലെ ഏഴ് പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഗവർണർ ആൻഡ്രൂ ക്യൂമോ അറിയിച്ചത്. സബ്‌വേ സേവനങ്ങൾക്കും ലോംഗ് ഐലൻഡിലെ റെയിൽ, മെട്രോ സേവനങ്ങൾക്കും താമസം ഉണ്ടാവാനോ നിർത്തലാക്കാനോ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. ന്യൂയോർക്ക് സിറ്റി, ലോംഗ് ഐലൻഡ്, മിഡ്-ഹഡ്‌സൺ മേഖലകളിൽ ചൊവാഴ്‌ച രാവിലെയോടെ രണ്ടടി വരെ മഞ്ഞുവീഴ്‌ചയുണ്ടാകുമെന്നാണ് പ്രസ്‌താവനയിൽ പറയുന്നത്.
അതേസമയം, അഞ്ച് മാസ് വാക്‌സിനേഷൻ സെന്‍ററുകളിലും ആറ് പോപ്പ്-അപ്പ് സൈറ്റുകളിലും തിങ്കളാഴ്‌ച നിശ്ചയിച്ചിട്ടുള്ള വാക്‌സിൻ കുത്തിവെപ്പ് ഈ ആഴ്‌ച അവസാനം നടത്തുമെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് സർക്കാർ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു. മഞ്ഞുവീഴ്‌ച ബുധനാഴ്‌ച വരെ തുടരാനാണ് സാധ്യതയെന്നും പ്രസ്‌താവനയിൽ പരാമർശിക്കുന്നു. ന്യൂയോർക്ക് നഗരത്തിലെ എല്ലാ സ്‌കൂളുകളും വിദൂര വിദ്യാഭ്യാസത്തിലേക്ക് കടന്നിട്ടുണ്ട്.
ഇതിനുപുറമെ, ന്യൂയോർക്ക് സിറ്റി, വടക്കുകിഴക്കൻ ന്യൂജേഴ്‌സി, ലോവർ ഹഡ്‌സൺ വാലി, നസ്സാവു പ്രദേശങ്ങൾ, തെക്കുപടിഞ്ഞാറൻ കണക്റ്റിക്കട്ടിന്‍റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ 18 മുതൽ 24 ഇഞ്ച് വരെ മഞ്ഞുവീഴ്‌ചയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥ സർവീസ് പ്രവചിക്കുന്നു.