വെല്ലിംഗ്‌ടണ്‍: മ്യാന്‍മറുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ചതായി ന്യൂസിലാന്‍റ് സര്‍ക്കാര്‍. മ്യാന്‍മറി അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത സൈനിക ഭരണകൂടത്തിന്‍റെ നിയമസാധുതയോടുള്ള എതിര്‍പ്പ് മൂലമാണ് തീരുമാനം. ന്യൂസിലാന്‍റ് പ്രധാനമന്ത്രി പ്രസ് കോണ്‍ഫറന്‍സിലൂടെയാണ് മാധ്യമങ്ങളോട് തീരുമാനം അറിയിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മ്യാന്‍മറില്‍ 6.95 മില്ല്യണ്‍ നിക്ഷേപമാണ് ന്യൂസിലാന്‍റിന് ഇതുവരെയുള്ളത്. മ്യാന്‍മറില്‍ നിക്ഷേപമുള്ള 51 രാജ്യങ്ങളില്‍ 46-ാം റാങ്കാണ് ന്യൂസിലാന്‍റിന്.
സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട ഉപരോധം രാജ്യത്ത് നിന്ന് നിക്ഷേപകരെ പിന്‍വലിയാന്‍ നിര്‍ബന്ധിക്കപ്പെടുമെന്ന് മ്യാന്‍മറിലെ ഫെഡറേഷന്‍ ഓഫ് ചേമ്പേഴ്‌സ് കൊമേഴ്‌സ് ആന്‍റ് ഇന്‍റഡസ്‌ട്രി വൈസ് പ്രസിഡന്‍റ് യു മായുങ് മായുങ് ലെ ആശങ്ക പ്രകടിപ്പിച്ചു. പുതിയ രാഷ്‌ട്രീയ സാഹചര്യം മ്യാന്‍മറിലേക്കുള്ള വിദേശ നിക്ഷേപത്തെയും സാമ്പത്തിക ഭദ്രതയെയും ബാധിച്ചേക്കാമെന്ന ആശങ്കയും നിലനില്‍ക്കുന്നതായി യു മായുങ് മായുങ് ലെ വ്യക്തമാക്കി. കൊവിഡില്‍ അന്താരാഷ്‌ട്ര തലത്തില്‍ സാമ്പത്തിക രംഗം ഇടിഞ്ഞിരുന്നു. അതേ സമയം മ്യാന്‍മറിലും സാമ്പത്തിക സ്ഥിതി പൂര്‍വ്വ സ്ഥിതി കൈവരിക്കാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരുമെന്നും സമീപകാല സംഭവങ്ങള്‍ മ്യാന്‍മറിന്‍റെ ഖ്യാതിയെ ഇടിച്ചെന്നും യു മായുങ് മായുങ് ലെ പറഞ്ഞു.
ഫെബ്രുവരി 1നാണ് മ്യാന്‍മറില്‍ പുതിയ സര്‍ക്കാറിന്‍റെ ആദ്യ പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നേ പട്ടാളം ഭരണം അട്ടിമറിയിലൂടെ പിടിച്ചെടുത്തത്. ഒരു വര്‍ഷത്തേക്ക് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്‌തു. മ്യാൻമർ നേതാവ് ഓങ് സാൻ സൂചിയെയും ഭരണകക്ഷിയുടെ മുതിർന്ന നേതാക്കളെയും പട്ടാളം കസ്റ്റഡിയിലെടുക്കുകയും ചെയ്‌തിരുന്നു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഫെബ്രുവരി 8 മുതല്‍ രാജ്യത്തെ 30 നഗരങ്ങളിലെ 90 ടൗണ്‍ഷിപ്പുകളില്‍ രാത്രി 8 മുതല്‍ പുലര്‍ച്ചെ നാല് വരെ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യമെങ്ങും പ്രതിഷേധം കനക്കുകയാണ്.