ന്യൂയോർക്ക് : ഇന്ത്യയിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സഹായ വാഗ്‌ദാനവുമായി ന്യൂയോർക്ക് മേയർ ബിൽ ഡി ബ്ലാസിയോ. കൊവിഡ് ടെസ്റ്റ് കിറ്റുകൾ, വെൻ്റിലേറ്ററുകൾ, പൾസ് ഓക്‌സിമീറ്ററുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങള്‍ എന്നിവ ഇന്ത്യയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചതായി ന്യൂയോർക്ക് മേയർ പറഞ്ഞു.
ഒരു വർഷം മുമ്പ് ന്യൂയോർക്ക് നഗരം മഹാമാരിയുടെ പിടിയിലായിരുന്നു. ഇപ്പോൾ ഇന്ത്യയെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കാനുള്ള ഞങ്ങളുടെ അവസരമാണ്. അതിനാൽ സുപ്രധാന മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യയിലേക്ക് അയക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും മേയർ ബിൽ ഡി ബ്ലാസിയോ പറഞ്ഞു. ഒരുമിച്ച് നിന്നാൽ ജീവൻ രക്ഷിക്കാനാകുമെന്നും പകർച്ചവ്യാധിയെ തകർക്കാൻ കഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു.
Read more: ഇന്ത്യയ്ക്ക് വൈദ്യസഹായവുമായി സ്വിറ്റ്സർലൻഡും നെതർലൻഡും
ഡി ബ്ലാസിയോയുടെ തീരുമാനത്തിൽ ഇന്ത്യൻ കോൺസൽ ജനറൽ രൺദീർ ജയ്‌സ്വാൾ നന്ദി അറിയിച്ചു. ന്യൂയോർക്ക് സംഭാവന ഇന്ത്യയ്ക്ക് വളരെയധികം ഗുണം ചെയ്യുമെന്നും മേയറുടെ തീരുമാനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ അമേരിക്ക ഇന്ത്യയ്ക്ക് മെഡിക്കൽ ഉപകരണങ്ങളും സംഭാവന ചെയ്‌തിരുന്നു.