'ജെസേറോ അവിശ്വസനീയമാണ്,' പറയുന്നത് മറ്റാരുമല്ല... ചൊവ്വയിലൂടെ നാസയുടെ പേഴ്‌സിവറൻസ് റോവർ ഓടിച്ചുകളിച്ച ഒരു ഇന്ത്യക്കാരിയാണ്. ഇന്ത്യൻ വംശജയായ വന്ദന വർമ എന്ന വന്ദി വർമ നാസയിലെ റോബോട്ടിക് പ്രവർത്തനങ്ങളുടെ ചീഫ് എഞ്ചിനിയറാണ്.
ഒരു എസ്‌യുവി കാറിന്‍റെ വലുപ്പമുള്ളതാണ് നാസയുടെ പേഴ്‌സിവറൻസ്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് പേഴ്‌സിവറൻസ് റോവർ ജെസേറോ ഗർത്തത്തിൽ പുരാതന സൂക്ഷ്‌മജീവിതങ്ങളുടെ തെളിവുകൾ തേടിയുള്ള യാത്ര ആരംഭിച്ചത്.
നാസയിലെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയുടെ (ജെപിഎൽ) റോബോട്ടിക് ഓപ്പറേഷൻസിലെ ചീഫ് എഞ്ചിനിയറായ വന്ദി വർമയാണ് ചൊവ്വയിൽ പണ്ട് ഒരു തടാകമുണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന കട്ടി കുറഞ്ഞ പ്രതലത്തിലൂടെ റോവറിനെ നിയന്ത്രിക്കുന്നതെന്ന് നാസ അറിയിച്ചിരുന്നു.
പഞ്ചാബിലെ ഹൽവാര സ്വദേശിയായ വന്ദിയുടെ പിതാവ് ഇന്ത്യൻ വ്യോമസേനയിലെ പൈലറ്റായിരുന്നു. കാർനെഗി മെലോൺ യൂണിവേഴ്‌സിറ്റിയിൽ നിന്നും റോബോട്ടിക്‌സിൽ പിഎച്ച്ഡി നേടിയ വന്ദി 2008 മുതൽ റോവറുകൾ നിയന്ത്രിച്ച് വരികയാണ്. നിലവിൽ ജെസേറോ ഗർത്തമാണ് വന്ദിയുടെ പ്രവർത്തന മേഖല.
Also Read: 21 ല്‍ തഴഞ്ഞു, 82ാം വയസ്സില്‍ ബഹിരാകാശത്തേക്ക് ; ബെസോസിനൊപ്പം പറക്കാന്‍ വാലി ഫങ്ക്
ശതകോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഒരു തടാകമായിരുന്നു ജെസേറോ ഗർത്തം എന്നാണ് ഗവേഷകർ പറയുന്നത്. ഇവിടെ നിന്നുള്ള സാമ്പിളുകൾ ശേഖരിക്കുന്നതാണ് പേഴ്‌സിവറൻസിന്‍റെ നിലവിലെ ദൗത്യം. തുടർന്ന് ഇത് ഭൂമിയിലെത്തിച്ച് വിശദമായ പഠനം നടത്താനും നാസ ലക്ഷ്യമിടുന്നുണ്ട്.
മാർസ് ഡ്രൈവിംഗ്
ചുവപ്പ് ഗ്രഹമായ ചൊവ്വയിൽ റോവർ യാത്ര ആരംഭിക്കുമ്പോൾ, എഞ്ചിനീയർമാർ, ഡ്രൈവർമാർ, ആസൂത്രകർ എന്നിവരുടെ ഒരു സംഘം ഇതിന്‍റെ നിയന്ത്രണത്തിൽ ജോലി ചെയ്യുന്നുണ്ട്. ഭൂപ്രദേശവുമായി ബന്ധപ്പെട്ട തടസങ്ങളിൽ നിന്നും റോവറിന്‍റെ ചക്രങ്ങളിലെ സയൻസ് ലബോറട്ടറിയെ സംരക്ഷിക്കുന്നതിനായി സഞ്ചാരപഥം കൃത്യമായി മുൻകൂട്ടി നിശ്ചയിക്കേണ്ടതുണ്ട്.
ചൊവ്വയിൽ നിന്നുമുള്ള റേഡിയോ തരംഗങ്ങൾ ഭൂമിയിലെത്താൻ വൈകുന്നതിനാൽ ഒരു ജോയിസ്റ്റിക്കിന്‍റെ സഹായത്തോടെ റോവറിനെ നിയന്ത്രിക്കാൻ കഴിയില്ല. ഇതിനായി എഞ്ചിനീയർമാർ മുൻകൂട്ടി നടപ്പാക്കുന്ന കമാൻഡുകളെ ആശ്രയിക്കേണ്ടതുണ്ട്.
ഗർത്തത്തിന്‍റെ ഉപഗ്രഹ ചിത്രങ്ങളെ ആശ്രയിച്ച് റോവർ സഞ്ചരിക്കുന്ന പ്രദേശങ്ങളിലെ ഉപരിതലം നിരീക്ഷിക്കാനായി 3ഡി ഗ്ലാസുകളെ ഉപയോഗിക്കുകയും ചെയ്യുന്നു. മികച്ച ഒരു ഓട്ടോ നാവിഗേഷൻ സിസ്റ്റവും റോവറിനുണ്ട്.
ഓട്ടോ-നാവ് എന്ന് വിളിക്കുന്ന ഈ സംവിധാനത്തിലൂടെ ഭൂപ്രദേശത്തിന്‍റെ 3ഡി മാപ്പുകൾ റോവർ സ്വയം നിർമിക്കുന്നു. കൂടാതെ മുന്നിലുള്ള തടസങ്ങളടക്കം ഓട്ടോനാവ് കണ്ടെത്തുകയും ചെയ്യുന്നു. വിഷ്വൽ ഓഡോമെട്രി എന്ന സംവിധാനം ഉപയോഗിച്ച് ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് എത്ര ദൂരം നീങ്ങി എന്നതിനെക്കുറിച്ചുമുള്ള വിവരങ്ങളും റോവർ സൂക്ഷിക്കുന്നുണ്ട്.