അൽഖ്വയ്ദ തലവനായിരുന്ന ഒസാമ ബിൻലാദന്‍റെ മകൻ ഹംസ ബിൻ ലാദനെ ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതി കരിമ്പട്ടികയിലുൾപ്പെടുത്തി. നടപടിയുടെ ഭാഗമായി ഹംസ ലാദന്‍റെ സ്വത്ത് വകകള്‍ മരവിപ്പിക്കും. കൂടാതെ യാത്രാ വിലക്കും, ആയുധം കൈവശം വയ്ക്കാൻ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അല്‍-ഖ്വയ്ദയുടെ നിലവിലെ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയുടെ പിന്‍ഗാമിയാകാന്‍ എറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത് ഹംസ ലാദനായതിനാലാണ് ഐക്യരാഷ്ട്ര സഭയുടെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു നീക്കം. സൗദി പൗരനായ ഹംസ ലാദൻ അൽ-ഖ്വയ്ദയിലെ അംഗമാണെന്ന് അൽ-സവാഹിരി പ്രഖ്യാപനം നടത്തിയതിന് തൊട്ടു പിന്നാലെ സൗദി ഹംസയുടെ പൗരത്വം റദ്ദാക്കിയിരുന്നു.
സ്വത്തുവകകൾ മരവിപ്പിക്കുന്നതിന്‍റെ ഭാഗമായി ഹംസയുടെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള സ്വത്തുവകകളും അധികൃതർ മുന്നറിയിപ്പ് കൂടാതെ മരവിപ്പിക്കണമെന്ന് യുഎൻ നിർദേശിച്ചിട്ടുണ്ട്. കൂടാതെ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് യാത്ര ചെയ്യാനായി യാതൊരു വിധത്തിലുള്ള സഹായവും ഹംസക്ക് നൽകാനും പാടില്ല. ഹംസക്ക് ഏതൊരു തരത്തിലുള്ള ആയുധങ്ങളും കൈമാറരുതെന്നും ഹംസയുടെ ആയുധങ്ങൾ വാഹനങ്ങൾ വഴിയോ ആളുകൾ വഴിയോ കടത്താൻ സഹായിക്കരുതെന്നും നിർദേശമുണ്ട്.
2015 മുതലാണ് അമേരിക്കയിൽ പലയിടങ്ങളിലും അക്രമണങ്ങൾ നടത്തുമെന്നും സംഘടനയിലേക്ക് ആളുകളെ ക്ഷണിക്കുന്നതുമായ രീതിയിൽ ഹംസ ബിൻ ലാദൻ വീഡിയോ സന്ദേശങ്ങൾ അയക്കാൻ തുടങ്ങിയത്. തന്‍റെ പിതാവിന്‍റെ മരണത്തിന് താൻ പകരം ചോദിച്ചിരിക്കുമെന്നും ഹംസ വ്യക്തമാക്കിയിരുന്നു.
2017 ജനുവരിയിൽ അമേരിക്ക ആഗോള ഭീകരരുടെ പട്ടികയിൽ ഹംസയെ ഉൾപ്പെടുത്തിയിരുന്നു. അമേരിക്കയിലെ ഹംസയുടെ സ്വത്തുവകകൾ മരവിപ്പിക്കാനും പൗരൻമാരോട് പണമിടപാടുകളിൽ ഏർപ്പെടുന്നതിനും വിലക്കിയിരുന്നു.