ഹ്യൂസ്റ്റൺ: ടെക്‌സസിലെ ഓസ്റ്റിൻ നഗരത്തിൽ നടന്ന 'ബ്ലാക്ക് ലൈവ്സ് മാറ്റർ' പ്രതിഷേധത്തിനിടെ ഒരാൾ വെടിയേറ്റ് മരിച്ചു. ശനിയാഴ്ച രാത്രി 9.52 ഓടെ ഈസ്റ്റ് ആറാം സ്ട്രീറ്റിനും കോൺഗ്രസ് അവന്യൂവിനും സമീപമാണ് സംഭവമെന്ന് ഓസ്റ്റിൻ ആസ്ഥാനമായുള്ള കെവിയു ടിവി സ്റ്റേഷൻ റിപ്പോർട്ട് ചെയ്യുന്നു.
യുവാവിന് നേരെ വെടിയുതിർത്തതായും ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും സംഭവ ശേഷം പൊലീസ് ഉദ്യോഗസ്ഥൻ കത്രീന റാറ്റ്ക്ലിഫിനെ ഉദ്ധരിച്ച് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

കൊല്ലപ്പെട്ടയാൾ റൈഫിൾ കയ്യിൽ കരുതിയിരുന്നെന്നും തുടർന്ന് വാഹനത്തിലെത്തിയ പ്രതി ഇയാളെ വെടിവച്ചു കൊലപ്പെടുത്തിയതാണെന്നും പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.