വാഷിംഗ്ടണ്‍: അമേരിക്കൻ വൈസ് പ്രസിഡന്‍റായി കമല ഹാരിസ് അധികാരം ഏൾക്കുമ്പോൾ അത് അമേരിക്കയുടെ പുതിയ കാലഘട്ടത്തിന്‍റെ അടയാളപ്പെടുത്തൽ കൂടിയാണ്. 1952ൽ ആണ് ആദ്യമായി ഏഷ്യൻ- അമേരിക്കൻ വനിതകൾക്ക് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശം അമേരിക്കയിൽ ലഭിക്കുന്നത്. അതിന് ശേഷം 69 വർഷം എടുത്തു ഒരു ഏഷ്യൻ- അമേരിക്കൻ വനിത വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്താൻ. ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തെ തുടർന്ന് മുൻപെങ്ങും ഇല്ലാത്ത വിധം നിറത്തെക്കുറിച്ചും വംശീയതയെക്കുറിച്ചും ലോകം ചർച്ച ചെയ്‌ത വർഷമായിരുന്നു 2020. അതിന്‍റെ തുടർച്ചയെന്നോണം 2021ലെ അമേരിക്കൻ സെനറ്റ് തെരഞ്ഞെടുപ്പും ഒരു മാറ്റത്തിന്‍റെ സുചനയാണ് നൽകിയത്.
കമല ദേവി ഹാരിസ്, വിവേക് മൂര്‍ത്തി, ഗൗതം രാഘവന്‍, മാലാ അഡിഗ, വിനയ് റെഡ്ഡി, ഭരത് രാമമൂര്‍ത്തി, നീരാ ടന്‍ഡന്‍, സലിന്‍ ഗൗണ്ടര്‍, അതുല്‍ ഗവാണ്ടെ എന്നിവയൊക്കെ വൈറ്റ് ഹൗസിലെ അധികാര ശ്രേണിയിലെ പുതിയ പേരുകളാണ്. ഈ പേരുകൾക്കൊക്കെ ഒരു പ്രത്യേകതയുണ്ട്. ഇവരെല്ലാം ഇന്ത്യൻ വംശജരാണ് എന്നതാണ് അത്. മുന്‍പൊരിക്കലും ഇല്ലാത്ത വിധത്തിലാണ് ഇത്രയധികം ഇന്ത്യൻ വംശജർ വൈറ്റ് ഹൗസിലെ ഉന്നത സ്ഥാനങ്ങളില്‍ എത്തുന്നത്.
വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് തെരെഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം നേരിട്ട വംശീയ അധിഷേപങ്ങൾ ഇന്ത്യൻ വംശജരുടെ ഈ നേട്ടത്തിന്‍റെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ്. പ്രചരണത്തിൽ ഉടനീളം ലഭിച്ച പരിഹസത്തിനൊക്കെ തിരിച്ചടിയായി #മൈനെയിംഈസ്ബ്ലോബ്ലാക്‌ടുറിപ്പബ്ലിക്കൻസ് എന്ന ഹാഷ് ടാഗ് തരംഗം ഉണ്ടായി ആഴ്‌ചകൾ മാത്രം കഴിയുമ്പോളാണ് കമലാ ഹാരിസിന്‍റെ നേട്ടം. ഇതുവരെ ഏതാണ്ട് രണ്ട് ഡസനോളം ഇന്ത്യന്‍ അമേരിക്കക്കാര്‍ ബൈഡന്‍-ഹാരിസ് എ ടീമിലേക്ക് നിയമിക്കപ്പെടുകയോ നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയോ ചെയ്‌തു കഴിഞ്ഞിരിക്കുന്നു.
2020 നവംബര്‍ 3-ന് ഒരു റാലിയില്‍ ഡൊണാള്‍ഡ് ട്രംപിന്‍റെ അനുയായിയും റിപ്പബ്ലിക്കൻ നേതാവുമായ ഡേവിഡ് പെര്‍ഡ്യൂ കമല ഹാരിസിന്‍റെ ആദ്യ നാമമായ കമലയുടെ ഉച്ചാരണം പലവിധത്തില്‍ പറഞ്ഞു കൊണ്ട് പരിഹസിച്ചിരുന്നു. “കാഹ് -മാഹ്- ലാഹ്? കമല- മാല? ഓ എനിക്കറിയില്ല.” എന്നൊക്കെയായിരുന്നു ഡേവിഡിന്‍റെ പരിഹാസം. എന്നാല്‍ ഇങ്ങനെ വംശീയ വിദ്വേഷം വമിപ്പിക്കുന്ന രീതിയില്‍ പ്രസംഗിച്ചപ്പോൾ പെര്‍ഡ്യൂവോ ട്രംപോ ഒട്ടും കരുതി കാണില്ല ഇത്രയധികം ഇന്ത്യക്കാരുടെ പേരുകള്‍ വൈറ്റ് ഹൗസിലെ പ്രമുഖരുടെ നിരയില്‍ ഇടം പിടിക്കുമെന്ന്. അല്ലെങ്കില്‍ #മൈനെയിംഈസ്ബ്ലോബാക്ക് ടു റിപ്പബ്ലിക്കൻസ് എന്ന ഹാഷ് ടാഗ് തരംഗത്തിലൂടെ 48 മണിക്കൂറിനുള്ളില്‍ ജോര്‍ജിയയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു കൊണ്ട് 1.8 ദശലക്ഷം ഡോളര്‍ ഫണ്ട് സമാഹരിക്കപ്പെടുമെന്നും ഒരു റിപ്പബ്ലിക്കൻസും കരുതി കാണില്ല. അപ്പോഴും ജോര്‍ജിയയിൽ സെനറ്റിലേക്കുള്ള രണ്ട് സീറ്റുകളുടെ വിധി വന്നിട്ടുണ്ടായിരുന്നില്ല. ജനുവരി ആറിന് വാഷിംഗ്ടണ്‍ ഡി സി യിലെ ക്യാപിറ്റോള്‍ ബില്‍ഡിങ്ങില്‍ ട്രംപ് അനുകൂലികൾ അക്രമം അഴിച്ചു വിട്ട ദിവസം ജോര്‍ജിയയിലെ രണ്ട് സെനറ്റ് സീറ്റുകളിലും ഡെമോക്രാറ്റുകൾ വിജയിച്ചു. അതോടെ അധികാരത്തിലേക്കള്ള ഡെമോക്രാറ്റുകളുടെ പാത കുറെ കൂടി വ്യക്തമായി.
കേവലം ഇന്ത്യൻ വംശജരുടെ വിജയം എന്നതിലുപരി ഏഷ്യൻ-അമേരിക്കൻ വംശജരുടേയും അമേരിക്കൻ-നീഗ്രോ വംശജരുടെയും നേട്ടമായാണ് കമലാ ഹാരിസിന്‍റെയും മറ്റ് ഇന്ത്യൻ വംശജരുടേയും നേട്ടം അടയാളപ്പെടുത്തുക. കാരണം ഏഷ്യൻ-അമേരിക്കൻ വനിതകൾക്ക് വോട്ടവകാശം കിട്ടിയത് 1952ൽ ആണെങ്കിൽ ഒരു കറുത്ത വർഗക്കാരിയായ അമേരിക്കക്കാരി ആദ്യമായി തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്‌തത് 1962ൽ ആണ്.