വാഷിങ്ടണ്‍: അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തിവരുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സംയുക്ത പ്രസ്‌താവന. താലിബാനും അഫ്‌ഗാനിസ്ഥാന്‍ സര്‍ക്കാരും അക്രമങ്ങള്‍ അവസാനിപ്പിച്ച് സമാധാന ചര്‍ച്ചക്ക് തയ്യാറാകണമെന്ന് ലോകരാജ്യങ്ങള്‍ സംയുക്ത പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.
അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, നോര്‍വൈ, യുകെ എന്നി രാജ്യങ്ങളും യൂറോപ്യന്‍ യൂണിയന്‍, നാറ്റോ എന്നി സംഘടനകളും സംയുക്തമായാണ് പ്രസ്‌താവന ഇറക്കിയത്. ഇരു വിഭാഗങ്ങളും വെടിനിര്‍ത്തല്‍ ധാരണയിലെത്തണമെന്ന് ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടു.
Also read: 'അഫ്‌ഗാനിസ്ഥാനെ സംരക്ഷിക്കും'; ഒപ്പം ചേരാൻ ജനങ്ങളോട് അഭ്യർഥിച്ച് താലിബാൻ മേധാവി
അഫ്‌ഗാനില്‍ നടക്കുന്ന വലിയ തോതിലുള്ള മനുഷ്യവകാശ ലംഘനങ്ങളിലും താലിബാന്‍റെ സൈനിക ആക്രമണത്തിലും രാജ്യത്തെ സംഘര്‍ഷങ്ങളിലും വളരെയധികം ആശങ്കാകുലരാണ്. അഫ്‌ഗാന്‍ പൗരന്മാരെ സംരക്ഷിക്കണമെന്നും അന്താരാഷ്‌ട്ര മനുഷ്യവകാശ നിയമങ്ങള്‍ പാലിക്കണമെന്നും സംയുക്ത പ്രസ്‌താവനയില്‍ പറയുന്നു.
ദോഹയിലെ ആദ്യ ഘട്ട ചര്‍ച്ചക്ക് ശേഷം, അഫ്‌ഗാനിസ്ഥാനിലെ നിലവിലെ അവസ്ഥയും സമാധാന സന്ധിസംഭാഷണവും ചര്‍ച്ച ചെയ്യാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പ്രത്യേക പ്രതിനിധികളും നയതന്ത്രഞ്ജരും ജൂലൈ 22 ന് റോമില്‍ വച്ച് കൂടിക്കാഴ്‌ച നടത്തിയിരുന്നു.