വാഷിങ്‌ടൺ: കൊവിഡ് വാക്‌സിനായി ഏകോപിപ്പിച്ച പദ്ധതികൾ ഉടൻ ആവിഷ്‌കരിച്ചില്ലെങ്കിൽ രാജ്യത്ത് ആളുകൾ ഇനിയും മരിച്ചുവീഴുമെന്ന് ട്രംപിന് ബൈഡന്‍റെ മുന്നറിയിപ്പ്. കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എങ്ങനെ നടപ്പാക്കണമെന്നതിൽ വ്യക്തമായ ആസൂത്രണം നടത്തേണ്ടതുണ്ട്. അതിനായി നടപടികൾ ഇപ്പോൾ തുടങ്ങണമെന്നും ജോ ബൈഡൻ ആവശ്യപ്പെട്ടു. നാം ഏകോപിപ്പിച്ചില്ലെങ്കിൽ കൂടുതൽ ആളുകൾ മരിക്കാനിടയുണ്ട്. വാക്‌സിൻ സുപ്രധാനമാണ്. എങ്ങനെ നമുക്ക് വാക്‌സിൻ ലഭിക്കും. 300 ദശലക്ഷം അമേരിക്കക്കാരിലേക്ക് എങ്ങനെയെത്തിക്കും. എന്താണ് ഗെയിം പ്ലാൻ. പൂർത്തീകരിക്കാനുള്ളത് വലിയ ചുമതലയാണെന്നും വാർത്ത സമ്മേളനത്തിൽ നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു.
വാക്‌സിനേഷൻ സംബന്ധിച്ച നടപടികൾക്കായി സത്യപ്രതിജ്ഞ ദിനം വരെ കാത്തിരിക്കാനാകില്ല. ജനുവരി 20ന് താൻ ചുമതലയേറ്റ് പദ്ധതികൾ ആവിഷ്‌കരിക്കാനാണ് പോകുന്നതെങ്കിൽ നാം ഒന്നരമാസം പിറകിലാകും. അതിനാൽ ഇപ്പോൾ മുതൽ ഏകോപനം ആരംഭിക്കണമെന്നും വേഗത്തിൽ നടപടികൾ തുടങ്ങണമെന്നും ട്രംപിനോട് ബൈഡൻ ആവശ്യപ്പെട്ടു. ജോൺസ് ഹോപ്‌കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച് ഒരു കോടിയിലധികം കൊവിഡ് കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്‌തത്. 2,47,019 കൊവിഡ് മരണങ്ങളും രാജ്യത്ത് സ്ഥിരീകരിച്ചു.