വാഷിങ്ടണ്‍: ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎൻ പൊതുസഭയുടെ 76ാമത് സമ്മേളനത്തിൽ താലിബാന്‍ പ്രതിനിധി പങ്കെടുക്കില്ല. മുന്‍ സര്‍ക്കാര്‍ നിയമിച്ച ഗുലാം ഇസാക്‌സായിക്ക് അഫ്‌ഗാനിസ്ഥാനെ പ്രതിനിധാനം ചെയ്‌ത് ലോകനേതാക്കളെ അഭിസംബോധന ചെയ്യുമെന്ന് യുഎന്‍ വക്താവ് സ്റ്റീഫന്‍ ദുജാരിക് വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്‌ച ആരംഭിച്ച സമ്മേളനം തിങ്കളാഴ്‌ചയാണ് അവസാനിയ്ക്കുന്നത്. അഫ്‌ഗാനിസ്ഥാന്‍ പ്രതിനിധിയാണ് ഏറ്റവും ഒടുവില്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്.
സമ്മേളനത്തില്‍ സംസാരിയ്ക്കാന്‍ താലിബാന്‍ പ്രതിനിധിയെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് താലിബാന്‍ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖി യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസിന് കത്ത് നല്‍കിയിരുന്നു. ഗനിയെ ഓഗസ്റ്റ് 15ന് പുറത്താക്കിയതാണെന്നും ലോക രാജ്യങ്ങളൊന്നും ഗനിയെ പ്രസിഡന്‍റായി അംഗീകരിക്കുന്നില്ലെന്നും അതിനാൽ ഗുലാം ഇസാക്‌സായിക്ക് ഇനി അഫ്‌ഗാനെ പ്രതിനിധാനം ചെയ്യാനാകില്ലെന്നുമാണ് താലിബാന്‍റെ അവകാശവാദം. പുതിയ യുഎൻ സ്ഥിരം പ്രതിനിധിയായി ഖത്തറിലെ സമാധാന ചർച്ചകളിൽ താലിബാന്‍റെ വക്താവായിരുന്ന മുഹമ്മദ് സുഹൈൽ ഷഹീനെ നാമനിർദേശം ചെയ്യുകയാണെന്നും കത്തില്‍ പറയുന്നു.
താലിബാന്‍റെ കത്ത് അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന 9 അംഗ ക്രെഡിന്‍ഷ്യല്‍ കമ്മിറ്റിക്ക് വിടുകയാണ് യുഎന്‍ ചെയ്‌തത്. കമ്മിറ്റിയാണ് പ്രതിനിധിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. എന്നാല്‍ സമ്മേളനം അവസാനിക്കാതെ കമ്മിറ്റി കൂടാന്‍ സാധ്യതയില്ല. 9 അംഗ സമിതി സാധാരണയായി നവംബറിലാണ് ചേരുന്നതെന്നും ഉചിതമായ സമയത്ത് വിധി പുറപ്പെടുവിക്കുമെന്നും അസംബ്ലി വക്താവ് മോണിക്ക ഗ്രെയ്‌ലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ചട്ടപ്രകാരം കമ്മിറ്റി തീരുമാനമെടുക്കുന്നത് വരെ ഇസാക്‌സായിക്ക് അഫ്‌ഗാൻ പ്രതിനിധിയായി തുടരും. ഇതോടെ യുഎന്‍ സമ്മേളനത്തില്‍ താലിബാന്‍ സംസാരിയ്ക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. മുന്‍പ് അഫ്‌ഗാന്‍റെ ഭരണം താലിബാന്‍ പിടിച്ചെടുത്ത സമയത്തും യുഎന്‍ അന്നത്തെ സർക്കാരിനെ അംഗീകരിച്ചിരുന്നില്ല.
Also read: താലിബാനെ ഉൾപ്പെടുത്തണമെന്ന പാക് ആവശ്യം തള്ളി; സാർക്ക് യോഗം റദ്ദാക്കി