ഒന്‍റാരിയോ: ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കണമെന്ന് ആഹ്വാനം ചെയ്‌ത് കാനഡയിലെ ഇന്ത്യക്കാര്‍ ഇന്ത്യന്‍ പതാകയുമായി റാലി നടത്തി. ബ്രാംപ്‌ടണിലാണ് റാലി നടത്തിയത്. കാനഡയിലെ ഖലിസ്ഥാന്‍ ഘടകങ്ങള്‍ക്കെതിരെ ശക്തി പ്രകടിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു റാലി. കാർഷിക നിയമങ്ങളെ പിന്തുണച്ച് ത്രിവര്‍ണ പതാകയേന്തി റാലി നടത്തിയതിന് ശേഷം ഖലിസ്ഥാനി ഗ്രൂപ്പുകൾ കാനഡയിലെ ഇന്ത്യൻ സമൂഹത്തെ ഭീഷണിപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്ന് കഴിഞ്ഞ ആഴ്‌ച ഇന്ത്യ, കാനഡയോട് ആവശ്യപ്പെട്ടിരുന്നു.
വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്‌തവയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ കാനഡയിലെ ഇന്ത്യക്കാര്‍ പ്രാദേശിക പൊലീസിനെ അറിയിക്കണമെന്നും അതേ സമയം ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും അനുരാഗ് ശ്രീവാസ്‌തവ വ്യക്തമാക്കിയിരുന്നു. കാനഡയിലെ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരെ അടുത്തിടെയുണ്ടായ ആക്രമണങ്ങള്‍ ഇന്ത്യന്‍ വംശജര്‍ ബര്‍നബി എംപി ജഗ്‌മീത് സിങ്ങിനെ അറിയിച്ചിരുന്നു. ഖലിസ്ഥാനി പ്രസ്ഥാനത്തെ പിന്തുണക്കുന്നതിന് പകരം കാനഡയിലെ ഇന്ത്യക്കാരെ സംരക്ഷിക്കാന്‍ മുന്‍കൈയടുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. കാനഡയിലെ എംപിയെന്ന നിലയില്‍ സ്വന്തം ആളുകളെ ആദ്യം സംരക്ഷിക്കണമെന്ന് വ്യക്തമാക്കിയും സമാധാനത്തിന്‍റെ മൂല്യം ഓര്‍മ്മിപ്പിച്ചും ഇന്ത്യക്കാര്‍ എംപിക്ക് പൂക്കള്‍ അയച്ചിരുന്നു.