വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ ഇന്ത്യൻ വംശജയായ മാല അഡിഗയെ ഭാര്യ ജിൽ ബൈഡന്‍റെ പോളിസി ഡയറക്ടറായി നിയമിച്ചു. ഗൂഗിളിന്‍റെ മുതിർന്ന ഉപദേശകയും ബൈഡെൻ-കമല ഹാരിസ് ക്യാമ്പയ്‌നിന്‍റെ മുതിർന്ന നയ ഉപദേഷ്ടാവുമായി അഡിഗ സേവനമനുഷ്ഠിച്ചിരുന്നു. ബൈഡൻ ഫൗണ്ടേഷനിൽ ഉന്നത വിദ്യാഭ്യാസ ഡയറക്ടറായിരുന്നു അഡിഗ. വെള്ളിയാഴ്ചയാണ് അഡിഗയെ ജില്‍ ബൈഡന്‍റെ പോളിസി ഡയറക്ടറായി നിയമിച്ചത്.
മുൻ പ്രസിഡന്‍റ് ബരാക് ഒബാമയുടെ ഭരണകാലത്ത്, ബ്യൂറോ ഓഫ് എഡ്യൂക്കേഷൻ ആന്‍റ് കൾച്ചറൽ അഫയേഴ്സിലെ അക്കാദമിക് പ്രോഗ്രാമുകൾക്കുള്ള ഡെപ്യൂട്ടി അസിസ്റ്റന്‍റ് സെക്രട്ടറിയായി അഡിഗ സേവനമനുഷ്ഠിച്ചിരുന്നു. ഗ്ലോബൽ വിമൺ ഇഷ്യൂസ് സ്റ്റേറ്റ് സെക്രട്ടറിയും ചീഫ് ഓഫ് സ്റ്റാഫ്, അംബാസഡർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇല്ലിനോയിസ് സ്വദേശിയായ അഡിഗ ഗ്രിനെൽ കോളജ്, മിനസോട്ട സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത്, ചിക്കാഗോ യൂണിവേഴ്സിറ്റി ലോ സ്കൂൾ എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്.
ബൈഡൻ-ഹാരിസ് പ്രചാരണത്തിന്‍റെ വൈസ് ചെയർ കാതി റസ്സലിനെ വൈറ്റ് ഹൗസ് ഓഫീസ് ഡയറക്ടറായി തെരഞ്ഞെടുത്തു. നിലവിൽ ബൈഡൻ-ഹാരിസ് ട്രാൻസിഷൻ ടീമിനായി നിയമനിർമാണ കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ലൂയിസ ടെറൽ, വൈറ്റ് ഹൗസ് ഓഫീസ് ഓഫ് ലെജിസ്ലേറ്റീവ് അഫയേഴ്സിന്‍റെ ഡയറക്ടറായി പ്രവർത്തിക്കും.