ന്യൂയോർക്ക്: യുഎൻ സമാധാന സേനാംഗങ്ങൾക്ക് രണ്ട് ലക്ഷം കൊവിഡ് വാക്‌സിൻ ഡോസുകൾ അയക്കാനൊരുങ്ങി ഇന്ത്യ. വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ ഫെബ്രുവരിയിലാണ് വാക്‌സിൻ നൽകുമെന്ന് പ്രഖ്യാപിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ യുഎൻ ചർച്ചയിലാണ് ജയ്‌ശങ്കർ ഇക്കാര്യം പറഞ്ഞത്.
യു.എൻ സമാധാന സേനാംഗങ്ങൾക്ക് വാക്‌സിന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാർച്ച് 27ന് രണ്ട് ലക്ഷം ഡോസുകൾ അയക്കുന്നത്. 2021 ജനുവരി 31ലെ കണക്കനുസരിച്ച് 85,782 ഉദ്യോഗസ്ഥർ ലോകമെമ്പാടുമുള്ള സമാധാന പരിപാലന പ്രവർത്തനങ്ങളിൽ സേവനം ചെയ്യുകയാണ്. ആകെ 121 രാജ്യങ്ങളാണ് യുഎൻ സമാധാന ദൗത്യത്തിൽ പങ്കുചേർന്നത്. സമാധാന ദൗത്യങ്ങളിൽ ഏറ്റവും കൂടുതൽ സൈനികരെ സംഭാവന ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.
അസ്ട്രാസെനെക്ക വാക്‌സിൻ രണ്ട് ലക്ഷം ഡോസുകൾ മാർച്ച് 27 ന് ഖത്തർ എയർവേയ്‌സ് വഴി മുംബൈയിൽ നിന്ന് പുറപ്പെടുമെന്ന് ഇന്ത്യൻ വൃത്തങ്ങൾ അറിയിച്ചു. 58 ദശലക്ഷത്തിലധികം കൊവിഡ് വാക്‌സിൻ ഡോസുകൾ 70 ഓളം രാജ്യങ്ങൾക്ക് ഇന്ത്യ വിതരണം ചെയ്‌തു കഴിഞ്ഞു.