വാഷിങ്ടൺ: കൊവിഡ് വാക്സിന്‍റെ പേറ്റന്‍റ് എടുത്ത് കളയാനുള്ള ബൈഡൻ ഭരണകൂടത്തിന്‍റെ തീരുമാനത്തെ പ്രശംസിച്ച് ഇന്ത്യ. ഇന്ത്യയും ദക്ഷിണാഫ്രിക്കയുമുൾപ്പടെയുള്ള രാജ്യങ്ങൾ അഭ്യർഥിച്ചതിനെത്തുടർന്നാണ് പേറ്റന്‍റ് ഒഴിവാക്കാൻ ബൈഡൻ ഭരണകൂടം തീരുമാനിച്ചത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജീത് സിങ് സന്ധുവും ദക്ഷിണാഫ്രിക്കയിലെ നയതന്ത്ര ഉദ്യോഗസ്ഥരും യുഎസ് നിയമനിർമാതാക്കളെയും ഉദ്യോഗസ്ഥരെയും സന്ദർശിക്കുകയും നിർദ്ദേശം മുന്നോട്ട് വയ്ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി വികസ്വര രാജ്യങ്ങളിലെ ജനങ്ങൾക്ക് വാക്സിൻ വേർതിരിവില്ലാതെ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളിൽ ഇന്ത്യൻ എംബസി കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നു.
ബൈഡൻ ഭരണകൂടം ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിൽ ഉറച്ചു വിശ്വസിക്കുന്നുവെന്നും എന്നാൽ കൊവിഡ് ഒരു ആഗോള ആരോഗ്യ പ്രതിസന്ധിയാണെന്നും ഇത് ഇല്ലാതാക്കാനുള്ള സേവനത്തിന്‍റെ ഭാഗമായി കൊവിഡ് വാക്സിനുകൾക്കുള്ള പേറ്റന്‍റ് ഒഴിവാക്കുന്നതിനെ പിന്തുണക്കുന്നതായും യുഎസ് വ്യാപാര പ്രതിനിധി കാതറിൻ തായ് പറഞ്ഞു.
വാക്സിൻ എല്ലാവർക്കും ലഭ്യമാകുന്നതും താങ്ങാനാവുന്നതുമാക്കാൻ നിർദ്ദേശത്തെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് ഡെമോക്രാറ്റിക് കോൺഗ്രസിലെ അംഗങ്ങൾ പ്രസിഡന്‍റ് ജോ ബൈഡന് കത്തെഴുതിയിരുന്നു.
കൂടുതൽ വായിക്കാൻ: കൊവിഡ് വാക്സിന്‍റെ പേറ്റന്‍റ് ഒഴിവാക്കാന്‍ തീരുമാനിച്ച് അമേരിക്ക