വാഷിങ്ടൺ: സാഹചര്യമനുസരിച്ച് ആവശ്യമെങ്കിൽ ഫേസ് മാസ്‌ക് ധരിക്കുന്നതിന് വിരോധമില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഒരു കൂട്ടം ആളുകൾക്കൊപ്പം നിൽക്കുകയാണെങ്കിൽ മാസ്‌ക് ധരിക്കുമെന്നും എന്നാൽ അത്തരത്തിലൊരു സാഹചര്യം വരാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യമെങ്ങും മാസ്‌ക് നിർബന്ധമാക്കേണ്ട സാഹചര്യം നിലവിലില്ല. "എനിക്ക് കറുപ്പ് നിറത്തിലുള്ള മാസ്ക് ഉണ്ടായിരുന്നു. മാസ്‌ക് ധരിച്ച എന്നെ എനിക്ക് ഇഷ്‌ടപ്പെട്ടു"- അദ്ദേഹം പറഞ്ഞു.
ഈ വർഷം നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനായി ഒക്ലഹോമ, തുൾസ എന്നിവിടങ്ങളിൽ നടന്ന ഇൻഡോർ പ്രചാരണങ്ങളിൽ ട്രംപും അനുയായികളും മാസ്‌ക് ധരിച്ചിരുന്നില്ല. എന്നാൽ സാമൂഹിക അകലം പാലിക്കാൻ സാധിക്കാതെ വരുന്ന സാഹചര്യത്തിൽ മാസ്ക് നിർബന്ധമായും ഉപയോഗിക്കണമെന്ന് യുഎസ് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു.