വാഷിങ്ടൺ: അമേരിക്കയുടെ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയത്തിലൂടെ കടന്ന് പോവുകയാണ് കമല ഹാരിസ്. കുടിയേറ്റം കുത്തനെ കൂടുന്നതിനിടയ്ക്ക് ബൈഡൻ ഭരണകൂടത്തിന്‍റെ പ്രതികരണത്തിന് നേതൃത്വം നൽകുകയാണ് നിലവിൽ കമല.
ടെക്‌സസിലെ എൽ പാസോയിൽ സന്ദർശനം നടത്തുന്ന കമല കസ്റ്റംസ് ആൻഡ് ബോർഡർ പട്രോളിങ് പ്രൊസസിങ് സെന്‍ററിൽ പര്യടനം നടത്തും. ഇതിനുപുറമെ, വിശ്വാസ അധിഷ്‌ഠിത സംഘടനകളിൽ നിന്നുള്ള വക്താക്കളുമായും നിയമ സേവന ദാതാക്കളുമായും കമല ചർച്ച നടത്തും.
വിമർശനങ്ങൾ ഇരു പാർട്ടികളിൽ നിന്നും
കുടിയേറ്റ പ്രശ്‌നങ്ങൾ ഉയർന്ന് തന്നെ തുടരുമ്പോളും ഇത്ര കാലമായിട്ട് യാത്ര നടത്താത്തതിൽ ഇരു പാർട്ടികളിൽ നിന്നും വിമർശനം നേരിടുകയാണ് കമല ഹാരിസ്. യാത്ര നടത്താത്തതിനെക്കുറിച്ചുള്ള കമലയുടെ വിശദീകരണത്തിനും വിമർശനങ്ങൾ ഏറെയാണ്. അതേസമയം, അതിർത്തി സുരക്ഷയുടെ കാര്യത്തിൽ ഭരണകൂടം ദുർബലമാണെന്ന് ചിത്രീകരിക്കാനാണ് ജോ ബൈഡനും കമല ഹാരിസും വിഷയത്തിൽ ഇടപെടാത്തതിനെ റിപ്പബ്ലിക്കൻ പാർട്ടി ഉപയോഗിച്ചത്.
2022ലെ തെരഞ്ഞെടുപ്പിനുള്ള തുടക്കം
അമേരിക്കയിലേക്കുള്ള വൻ കുടിയേറ്റത്തെ വിജയകരമായി 2022ലെ ഇടക്കാല തെരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റാനാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ശ്രമം. മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും കമലയുടെ സന്ദർശനത്തിന് ശേഷം എൽ പാസോ സന്ദർശിക്കുന്നുണ്ട്. ഇതിനാൽ തന്നെ കമലയുടെ സന്ദർശനവും പ്രസ്‌താവനകളും ട്രംപും കൂട്ടരും ശ്രദ്ധയോടെ നിരീക്ഷിക്കും എന്നതിലും സംശയമില്ല.
ഡെമോക്രാറ്റുകളിൽ തന്നെ ആശങ്കകൾ പലവിധം
വിവിധ അഡ്‌മിനിസ്‌ട്രേഷൻ ഉദ്യോഗസ്ഥർ അതിർത്തിയിൽ പലതവണ സന്ദർശനം നടത്തിയെങ്കിലും ബൈഡനും കമല ഹാരിസും എത്താത്തത് ഡെമോക്രോറ്റുകളെ ദുർബലരായി ചിത്രീകരിക്കുന്നതിന് തുല്ല്യമാണെന്ന് ടെക്‌സസ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഹെൻറി കുല്ലാർ പ്രതികരിച്ചിരുന്നു. സാൻ ആന്‍റോണിയോയുടെ തെക്ക് മുതൽ യുഎസ്-മെക്‌സിക്കോ അതിർത്തി വരെയാണ് കുല്ലറുടെ അധികാരപരിധി.
കഴിഞ്ഞവർഷം നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹം തന്‍റെ രാഷ്‌ട്രീയ ജീവിതത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലായിരുന്നു ഇവിടെ നിന്നും ജയിച്ചത്. തന്‍റെ തെരഞ്ഞെടുപ്പ് പോരാട്ടത്തെക്കുറിച്ച് ആശങ്കയില്ലെങ്കിലും തന്‍റെ സഹപ്രവർത്തകരെക്കുറിച്ച് ഓർത്താണ് വിഷമമെന്ന് കുല്ലർ പ്രതികരിച്ചിരുന്നു. കുല്ലറുടെ പ്രസ്‌താവന പ്രതിഫലിപ്പിക്കുന്നത് അതിർത്തി സുരക്ഷ ചർച്ചയിൽ ഡെമോക്രാറ്റുകൾ റിപ്പബ്ലിക്കൻ പാർട്ടിക്ക് മുൻപിൽ അടിയറവ് പറഞ്ഞു എന്നതാണെന്നും വിദഗ്‌ധർ അഭിപ്രായപ്പെടുന്നുണ്ട്.
കണക്കുകൾ കഥ പറയുമ്പോൾ
ബൈഡൻ അധികാരമേറ്റതിന് ശേഷം അമേരിക്കയിലെത്തിയ കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മെക്‌സിക്കോ അതിർത്തിയിലൂടെ മാത്രം മെയ് മാസത്തിൽ 1,80,000 കുടിയേറ്റക്കാരാണ് അമേരിക്കയിലെത്തിയതെന്ന് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. 2000 മാർച്ചിന് ശേഷം ആദ്യമായാണ് ഇത്രയധികം പേർ കുടിയേറി അമേരിക്കയിലെത്തുന്നത്. കൊവിഡ് വ്യാപനം കാരണമാണ് കുടിയേറ്റങ്ങൾ വർധിച്ചതെന്നും വിദഗ്‌ധർ പറയുന്നു.
വിഷയം കമലയുടെ ഭാവിയെയും ബാധിച്ചേക്കാം
നിലവിൽ ഈ കണക്കുകൾ ഉപയോഗിച്ചാണ് റിപ്പബ്ലിക്കൻ പാർട്ടി ബൈഡൻ ഭരണകൂടത്തിന് നേരെ ആക്രമണം അഴിച്ചുവിടുന്നത്. എന്നാൽ, ബൈഡൻ രണ്ടാം തവണ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയാണെങ്കിൽ അദ്ദേഹത്തിന് പകരക്കാരിയായി കമല ഹാരിസിനെ മുൻനിര മത്സരാർഥിയായി കണ്ടേക്കാമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. കുടിയേറ്റ പ്രശ്‌നങ്ങൾ എത്തരത്തിൽ നേരിടുന്നു എന്നത് കമലയ്ക്ക് ഗുണകരമായി മാറാനും സാധ്യതയുണ്ടെന്നും വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു.
Also Read: 2019 ഒക്ടോബറിൽ തന്നെ കൊവിഡ് ചൈനയിൽ പടരാൻ തുടങ്ങിയിരിക്കാമെന്ന് പഠനം