വെനസ്വേല ഭരണാധികാരി നിക്കോളാസ് മഡുറോയുടെ ഭരണത്തിനെതിരെയുള്ള പ്രതിഷേധം പുതിയതലങ്ങളിലേക്കെന്ന് സ്വയം പ്രഖ്യാപിത ഇടക്കാല പ്രസിഡന്‍റ് യുവാൻ ഗ്വീഡോ. തന്‍റെ ഇക്വഡോര്‍ സന്ദര്‍ശനത്തിനിടയിലാണ് പ്രതിഷേധത്തിന് ഗ്വീഡോആഹ്വാനം ചെയ്തിരിക്കുന്നത്. സന്ദര്‍ശനത്തിന് ശേഷം വെനസ്വേലയില്‍ തിരിച്ചെത്തുമെന്നും ഗ്വീഡോ പറഞ്ഞു. എന്നാല്‍ തിരിച്ചെത്തിയാല്‍ ഗ്വീഡോയെഅറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടിരിക്കുകയാണ് മഡുറോ.
യാത്രാവിലക്ക് ലംഘിച്ചതിനാണ് ഗ്വീഡോയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്. വെനസ്വേലയുടെ ഇടക്കാല പ്രസിഡന്‍റായി ഗ്വീഡോ സ്വയം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സുപ്രീംകോടതി അദ്ദേഹത്തിന് യാത്രാ വിലക്കേര്‍പ്പെടുത്തിയത്. ഫെബ്രുവരി 22നാണ് ഗ്വീഡോ കൊളംമ്പിയ അടക്കമുള്ള തെക്കേ അമേരിക്കൻ രാജ്യങ്ങളില്‍ പിന്തുണ ആവശ്യപ്പെട്ട് സന്ദര്‍ശനം നടത്തിയത്.
വെനസ്വേല ഇടക്കാല പ്രസിഡന്‍റായി യുഎസ് അടക്കം 50 ലേറെ രാജ്യങ്ങൾ യുവാൻ ഗ്വീഡോയെ അംഗീകരിച്ചിരുന്നു. അതേസമയം, യുഎസിൽ നിന്നുൾപ്പെടെ ഭക്ഷണവും മരുന്നും വഹിച്ചുളള ട്രക്കുകൾ കാത്തുനിന്ന ജനക്കൂട്ടത്തിനു നേരെ വെനസ്വേലയുടെ സൈന്യം ഫെബ്രുവരി 25ന് വെടിയുതിർത്തിരുന്നു. രണ്ട് പേര്‍ അക്രമത്തിൽമരിച്ചു. ഗ്വീഡോയും മഡുറോയും തമ്മിലുള്ള അധികാരത്തർക്കത്തോടെ പ്രതിസന്ധി രൂക്ഷമായ വെനസ്വേലയിൽ യുഎസ് സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ഭിന്നതയാണു സംഘർഷത്തിനു വഴിതെളിച്ചത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന വെനസ്വേലയിൽ മൂന്ന് ലക്ഷത്തിലേറെ പേർക്ക് അടിയന്തരമായി ഭക്ഷണവും മരുന്നും ആവശ്യമുണ്ടെന്നാണു യുവാൻ ഗ്വീഡോ പറയുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ പ്രകാരം 2015നുശേഷം 27 ലക്ഷം പേർ വെനസ്വേല വിട്ടു. ഓരോ ദിവസവും 5,000 പേർ കുടിയേറുന്നു.