വാഷിങ്‌ടൺ: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 74,087,090 ആയി ഉയർന്നു. ഇതുവരെ 41,893,773 പേരാണ് രോഗമുക്തി നേടിയത്. കൊവിഡ് മുക്തി നേടിയവരുടെ എണ്ണത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 9,456,449 ആണ്.
അമേരിക്കയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കൊവിഡ് ബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും അമേരിക്ക ഒന്നാം സ്ഥാനത്താണ്. രാജ്യത്ത് 16,914,853 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 307,064 മരണം സ്ഥിരീകരിച്ചു. ഇന്ത്യയും ബ്രസീലും ഒന്നും രണ്ടും സ്ഥാനത്തുണ്ട്. ഇന്ത്യയിൽ 9,932,547 കേസുകളും ബ്രസീലിൽ 7,040,608 കേസുകളും സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ മരണം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ രാജ്യം ബ്രസീലാണ്.
റഷ്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 2,708,940 ആയി ഉയർന്നപ്പോൾ 47,994 മരണം സ്ഥിരീകരിച്ചു. ഫ്രാൻസിൽ 2,465,126 കേസുകളും 59,472 മരണവും സ്ഥിരീകരിച്ചു. യുകെയിൽ 1,918,729 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 65,618 പേർ മരിച്ചു. ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ സ്‌പുട്‌നിക് വി കൊവിഡ് വാക്‌സിൻ 91.4 ശതമാനം ഫലപ്രദമാണെന്ന് ഗമാലേയ നാഷണൽ സെന്‍റർ ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയും റഷ്യൻ ഡയറക്‌ട് ഇൻവെസ്റ്റ്‌മെന്‍റ് ഫണ്ടും (ആർഡിഎഫ്) അറിയിച്ചു.